യുഎസ് ഓപ്പൺ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ ലോക ഒന്നാം നമ്പർ കൊറിയയുടെ ലീ ഹ്യുൻ ഇല്ലിനെ അട്ടിമറിച്ച് ഇന്ത്യൻ താരം പി.കശ്യപിന്റെ മുന്നേറ്റം. 21-16, 10-21, 21-19 സ്കോറിനാണ് കശ്യപ് ലീ ഹ്യുന്നിനെ അട്ടിമറിച്ചത്. ഒരു മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട മത്സരത്തിനൊടുവിലാണ് കശ്യപ്, സ്വർണ്ണ സ്ഥാനം മുൻനിർത്തിയുള്ള തന്റെ യാത്ര തുടങ്ങിയത്.

ആദ്യ സെറ്റ് വ്യക്തമായ ആധിപത്യത്തിൽ തന്റേതാക്കിയ കശ്യപിന് രണ്ടാം മത്സരത്തിൽ താളം ലഭിച്ചില്ല. തുടക്കം മുതലേ ആക്രമണം നടത്തിയ ലീ ഹ്യുൻ രണ്ടാം സെറ്റ് തന്റേതാക്കി മാറ്റി. എന്നാൽ മൂന്നാം സെറ്റിൽ വാശിയേറിയ മത്സരത്തിനൊടുവിൽ ലീ ഹ്യുൻ, കശ്യപിനോട് അടിയറവ് പറഞ്ഞു.

ഹംഗറി താരം ഗെർഗലി ക്രോസാണ് അടുത്ത റൗണ്ടിൽ കശ്യപിന്റെ എതിരാളി. പരിക്കിനെ തുടർന്ന് ഒരിടവേളയ്ക്ക് ശേഷമാണ് ഹംഗറി താരം അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നത്. ഓസ്ട്രിയയുടെ ലൂക്കാ റോബറിനെ തോൽപ്പിച്ച് എച്ച് പ്രണോയും രണ്ടാം റൗണ്ടിലെത്തി. നേരിട്ടുള്ള സെറ്റുകൾക്ക് (21-12, 21-16) ആയിരുന്നു പ്രണോയിയുടെ വിജയം.

മറ്റൊരു ഇന്ത്യൻ താരം ഹർഷീൽ ദാനി, മെക്സിക്കോയുടെ അർതുറോ ഹെർണാണ്ടസിനെയും(21-13, 21-9), സമീർ വർമ വിയറ്റ്നാമിന്റെ ഹോംഗ് നാം ഗ്യുയനെയും (21-5, 21-10) തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ