ന്യൂഡൽഹി: രാജ്യാന്തര വേദികളിൽ വന്ന് പോയ ഒരു താരമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ. ഇന്ത്യൻ കുപ്പായത്തിൽ തിളങ്ങാനായില്ലെങ്കിലും ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് പാർത്ഥിവ് പട്ടേൽ.
2002ൽ ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം ഇന്ത്യ ഫൈനലിൽ പ്രവേശിച്ച 2003 ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ എം.എസ്.ധോണിയുടെ കടന്നു വരവോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട താരം ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രമായി ഒതുങ്ങി. ഇതിനിടയിൽ പല തവണ ദേശീയ ടീമിന്റെ ഭാഗമായെങ്കിലും സ്ഥാനമുറപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
Also Read: ‘ഫൈനല്‍ വിസിലി’നൊടുവില്‍ വേണ്ടതൊരു യാത്ര; ലോക്ക്ഡൗൺ ജീവിതത്തെക്കുറിച്ച് വിനീത്
ഇതൊക്കെ പലർക്കും അറിയുന്ന വസ്തുതകളാകാം. എന്നാൽ താരത്തെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്. പാർത്ഥിവ് പട്ടേലിന് രണ്ട് കൈകളിലുമായി ഒമ്പത് വിരലുകൾ മാത്രമാണുള്ളത്. താരത്തിന്റെ ഇടത് കൈയ്യിൽ ചെറുവിരൽ ഇല്ല.
ഇതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ആറാം വയസിലാണ് അത് സംഭവിച്ചതെന്ന് താരം പറയുന്നു. തന്റെ ചെറുവിരൽ ഒരു കതകിനിടയിൽ പെടുകയും മുറിഞ്ഞ് പോവുകയുമായിരുന്നു. ഒമ്പത് വിരലുകളുമായി വിക്കറ്റ് കീപ്പിങ് ചെയ്യുക അൽപ്പം പ്രയാസമുള്ള കാര്യമാണെന്നും പാർത്ഥിവ് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം ലൈവിൽ താരങ്ങളുമായി സംവദിക്കുമ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
Also Read: പന്ത് ചുരണ്ടൽ നിയമവിധേയമാക്കാൻ സാധ്യത, തുപ്പരുത്; ക്രിക്കറ്റ് നിയമത്തിൽ ഇളവിനായി ഐസിസി
“ചെറുവിരൽ വിക്കറ്റ് കീപ്പിങ് ഗ്ലൗസിനുള്ളിൽ ചേരാത്തത് ഒരു പരിധിവരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാനത് ടേപ്പ് ചെയ്ത് വയ്ക്കും. എനിക്ക് എല്ലാ വിരലുകളും ഉണ്ടെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല, എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ, ഒമ്പത് വിരലുകളുള്ള ഒരു വിക്കറ്റ് കീപ്പറായി ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്,” പാർത്ഥിവ് പറഞ്ഞു.
ഇന്ത്യയ്ക്കായി 25 ടെസ്റ്റ് മത്സരങ്ങളും 38 ഏകദിന മത്സരങ്ങളും കളിച്ച പാർത്ഥിവ് പട്ടേൽ രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡെക്കൻ ചാർജേഴ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കുവേണ്ടി കളിച്ച താരം കേരളത്തിൽ നിന്നുള്ള ക്ലബ്ബായ കൊച്ചി ടസ്ക്കേഴ്സിന്റെയും ഭാഗമായിരുന്നു. നിലവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് പാർത്ഥിവ് പാഡ് കെട്ടുന്നത്.