മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ പാർഥിവ് പട്ടേൽ (35) അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. 18 വർഷത്തെ കരിയറിൽ പട്ടേൽ 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. യുഎഇയിൽ ഐപിഎല്ലിന്റെ ഭാഗമായിരുന്നു അദ്ദേഹം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി കളിച്ചു. തന്റെ കോവിഡ് കാല ദിനചര്യകളെ കുറിച്ച് ഇന്ത്യൻ എക്‌സ്‌പ്രസിനോട് മനസ് തുറക്കുകയാണ് അദ്ദേഹം.
എന്തെല്ലാം മുൻകരുതലുകളാണ് നിങ്ങൾ സ്വീകരിക്കുന്നത്?
ഞാൻ എപ്പോഴും മാസ്ക് ധരിക്കും, സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കും. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ഒരിക്കലും വീട്ടിൽ നിന്നും പുറത്തിറങ്ങാറില്ല.
കോവിഡ്-19 പരിശോധന നടത്തിയിരുന്നോ?
ചെയ്തിരുന്നു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഞാൻ 29 തവണ കോവിഡ് പരിശോധന നടത്തി. ഇന്ത്യൻ പ്രീമിയർ ലീഗിൽ (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി) കളിക്കുമ്പോൾ, ഞാൻ പതിവായി പരിശോധിക്കുമായിരുന്നു. ഭാഗ്യവശാൽ, ഇത് ഓരോ തവണയും നെഗറ്റീവ് ആയിരുന്നു. ഐപിഎൽ ഈ വർഷം യുഎഇയിൽ നടന്നതിനാൽ, കളിക്കാർക്ക് ഇന്ത്യയിൽ മൂന്ന് തവണ സ്വയം പരിശോധന നടത്തേണ്ടിവന്നു. ഓരോ അഞ്ച് ദിവസത്തിലും ഞങ്ങൾ ഒരു കോവിഡ് -19 പരിശോധനയ്ക്ക് വിധേയമായി.
കഴിഞ്ഞ മാസങ്ങളിൽ നിങ്ങൾ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ടോ?
രോഗം ബാധിച്ച ആരുമായും ഞാൻ സമ്പർക്കം പുലർത്തിയിട്ടില്ലാത്തതിനാൽ അതിന്റെ ആവശ്യം വന്നിട്ടില്ല. എന്നിരുന്നാലും, ഐപിഎല്ലിനായി പുറപ്പെടുന്നതിന് മുമ്പ് എനിക്ക് ഏഴു ദിവസം ബാംഗ്ലൂർ ഹോട്ടലിൽ ക്വാറന്റൈനാകേണ്ടി വന്നു. ദുബായിലെത്തിയ ശേഷം ഏഴു ദിവസത്തെ ക്വാറന്റൈനും ഉണ്ടായിരുന്നു.
ഏത് തരം കയ്യുറകളും മാസ്കുമാണ് നിങ്ങൾ ഉപയോഗിക്കുന്നത്?
ഞാൻ ഡിസ്പോസിബിൾ ഗ്ലൗസും മൂന്ന് ലയറുകളുള്ള കോട്ടൺ മാസ്കുമാ് ഉപയോഗിക്കുന്നത്. വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് ഞാൻ എല്ലാ ദിവസവും ഇത് കഴുകും.
ആളുകളുമായി സംവദിക്കുമ്പോൾ, നിങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കും?
ഞാൻ സാമൂഹിക അകലം പാലിക്കുന്നു. ഹസ്തദാനം എന്ന ശീലം ഒഴിവാക്കുകയും പകരം പരമ്പരാഗത രീതിയിൽ നമസ്തേ പറയുകയും ചെയ്യും.
എത്ര നാൾ കുടുംബത്തെ കാണാതെ ഇരിക്കേണ്ടി വന്നു?
ഞാൻ ദുബായിൽ ഐപിഎല്ലിൽ കളിക്കുമ്പോൾ മൂന്നുമാസം അവരെ കണ്ടില്ല.
നിങ്ങൾ എത്ര തവണ പുറത്തിറങ്ങാറുണ്ട്?
ലോക്ക്ഡൌൺ സമയത്ത്, മാസ്കുകളും സാനിറ്റൈസറുകളും പോലീസിന് സംഭാവന ചെയ്യാൻ ഒരു തവണ മാത്രമാണ് ഞാൻ പോയത്. ഇപ്പോൾ, എനിക്ക് അത്രയും അത്യാവശ്യങ്ങളുണ്ടെങ്കിൽ മാത്രമേ ഞാൻ പുറത്തിറങ്ങാറുള്ളൂ.
സ്‌ക്രീനിന് മുന്നിൽ നിങ്ങൾ എത്ര സമയം ചെലവഴിക്കാറുണ്ട്?
സത്യം പറഞ്ഞാൽ ഒരുപാട് സമയം. ലോക്ക്ഡൗൺ സമയത്ത്, ടെലിവിഷനും എന്റെ ടാബ്‌ലെറ്റും മാത്രമായിരുന്നു വിനോദത്തിന്റെ ഉറവിടം. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഞാൻ നിരവധി വെബ് സീരീസുകളും സിനിമകളും കണ്ടു. ഒരു ഘട്ടത്തിൽ ഇത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എനിക്ക് തോന്നി. പക്ഷെ എനിക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
കോവിഡ് കാലത്ത് മനസിനെ ആരോഗ്യകരമായി നിർത്താൻ എന്തു ചെയ്തു?
ഞാൻ വളരെയധികം യോഗ ചെയ്തു. സ്വയം തിരക്കിലായിരിക്കാൻ പരിശീലനം തുടർന്നു. ഞാൻ വീട്ടിൽ തന്നെ വർക്ക് ഔട്ടുകൾ ചെയ്തു, ധാരാളം നടന്നു. എന്റെ മകളുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു, പക്ഷേ അവളും എന്നോടൊപ്പം വർക്ക് ഔട്ട് ചെയ്യുന്നുവെന്ന് ഞാൻ ഉറപ്പു വരുത്തി.
കോവിഡ് മുക്ത ലോകത്ത് നിങ്ങൾ ആദ്യം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്താണ്?
ആളുകളെ സന്തോഷത്തോടെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു, മാസ്കുകൾ ഇല്ലാതെ, വീണ്ടും നിർഭയരായി.