ബാര്‍ബഡോസ്: നായകന്‍ ഹോള്‍ഡറുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെ എട്ട് വിക്കറ്റ് നേട്ടവുമായി പാര്‍ട്ട് ടൈം സ്പിന്നര്‍ റോസ്റ്റന്‍ ചേസും തിളങ്ങിയതോടെ കരുത്തരായ ഇംഗ്ലണ്ടിനെ 381 റണ്‍സിന് തകര്‍ത്ത് വിന്‍ഡീസ്. ഒന്നാം ഇന്നിങ്‌സില്‍ 77 ന് പുറത്തായ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ 246 റണ്‍സിനാണ് വിന്‍ഡീസ് പുറത്താക്കിയത്.

കളി തീരാന്‍ ഒരു ദിവസത്തിലധികം ഇനിയും ബാക്കിയുള്ളപ്പോഴാണ് വിന്‍ഡീസ് വിജയക്കൊടി പാറിച്ചത്. ഇന്ത്യക്കെതിരായ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലെത്തിയ ഇംഗ്ലണ്ട് പക്ഷെ തകര്‍ന്നടിയുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ 84 റണ്‍സെടുത്ത റോറി ബേണ്‍സ് മാത്രമാണ് ചെറുത്തു നിന്നത്.

ഡബിള്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്നു നയിച്ച ഹോള്‍ഡറാണ് കളിയിലെ താരം. 202 റണ്‍സ് നേടിയാണ് ഹോള്‍ഡര്‍ ചരിത്രം കുറിച്ചത്. 628 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് മുന്നില്‍ വിന്‍ഡീസ് ഉയര്‍ത്തിയ വിജയലക്ഷ്യം. എന്നാല്‍ ചേസിന്റെ മികച്ച ബോളിങ്ങും ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു. 60 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ചേസ് എട്ട് വിക്കറ്റ് വീഴ്ത്തിയത്. സാക്ഷാല്‍ ഷെയ്ന്‍ വോണിന്റെ ടെസ്റ്റിലെ മികച്ച പ്രകടനം 71-8 ആണ്.

രണ്ടാം ഇന്നിങ്‌സില്‍ ഹോള്‍ഡറും ഡൗറിച്ചും ചേര്‍ന്നാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡൗറിച്ച് 116 റണ്‍സെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 295 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ