ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എച്ച് 6 വിഭാഗത്തില്‍ കൃഷ്ണ നാഗറാണ് സ്വര്‍ണം നേടിയത്. ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് താരം കീഴടക്കിയത്. സ്കോര്‍ 21-17, 16-21, 21-17.
ആദ്യ സെറ്റ് മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും കാഴ്ച വച്ചത്. 21-17 എന്ന സ്കോറില്‍ കൃഷ്ണ നാഗര്‍ ഒന്നാം സെറ്റ് നേടി. എന്നാല്‍ അടുത്ത സെറ്റില്‍ മികച്ച തിരിച്ചു വരവോടെ ചു മാന്‍ വിജയിച്ചു. നിര്‍ണായകമായ അവസാന സെറ്റും കൃഷ്ണ സാഗറിന് എളുപ്പായിരുന്നില്ല. പക്ഷെ വിജയം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു.
ലോക രണ്ടാം റാങ്കുകാരനായ കൃഷ്ണ ടോക്കിയോയില്‍ പരാജയമറിയാതെയാണ് സ്വര്‍ണ മെഡല്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 19 ആയി ഉയര്‍ന്നു. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം. മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.