ബ്രസീലിയന്‍ ഇതിഹാസ ഫുട്ബാളര്‍ പെലെയ്ക്ക് ആദരവ് അര്‍പ്പിച്ച് പരാഗ്വേയില്‍ നിന്നുള്ള കലാകാരി. വന്‍കുടലില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള 82കാരനായ പെലെ അതിഗുരുതരാവസ്ഥയിലാണെന്നും പാലിയേറ്റിവ് കെയര്‍ പരിചരണത്തിലാണെന്നും റിപോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരും ഇതിഹാസതാരത്തിനായി പ്രാര്‍ത്ഥിക്കുമ്പോഴാണ് പെലെയ്ക്ക് ആദരവുമായി പരാഗ്വേയില്‍ നിന്നുള്ള ആരാധിക ശ്രദ്ധിക്കപ്പടുന്നത്. പെലെയുടെ ചിത്രം ഫുട്‌ബോളില്‍ വരച്ച് ലില്ലി കാന്ററോയാണ് ശ്രദ്ധനേടിയത്. പെലെ ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുന്ന ചിത്രമാണിത്.
വസ്തുക്കളില്‍ സങ്കീര്‍ണ്ണമായ ഛായാചിത്രങ്ങള്‍ വരക്കുന്നതില്‍ ലില്ലി കാന്ററോ അറിയപ്പെടുന്ന കലാകരിയാണ്. 2020 ല്‍, അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി ബാഴ്സലോണയില്‍ കളിക്കുന്ന ചിത്രം ബൂട്ടുകളില്‍ വരച്ച് താരം ലില്ലി മെസിക്ക് അയച്ച് കൊടുത്തിരുന്നു. മെസ്സിയുടെയും കുടുംബത്തിന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും അതിലുണ്ടായിരുന്നു. തന്റെ ജോലി തിരക്കുകളുമായി ലില്ലി കാന്ററോ ഖത്തറിലുണ്ട്.
ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏക താരവും പെലെയാണ്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തിരഞ്ഞെടുത്തിരുന്നു. കൂടാതെ ഫിഫ പ്ലെയര്‍ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളില്‍ ഒരാളെന്ന നേട്ടത്തിനും പെലെ അര്‍ഹനായിരുന്നു. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെ 1,363 കളികളില്‍ നിന്ന് 1,279 ഗോളുകള്‍ നേടിയതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പെലെ നേടി.