ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പുകഴ്ത്തി മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർഥിവ് പട്ടേൽ. പന്ത് മഹേന്ദ്രസിങ് ധോണിയേക്കാൾ മികച്ച ക്രിക്കറ്റ് താരമാകുമെന്ന് പാർഥിവ് പറഞ്ഞു.
“ആത്മവിശ്വാസത്തോടെ കളിക്കുന്ന താരമാണ് പന്ത്. ഒരു ടി 20 മത്സരം കളിക്കുമ്പോൾ വേണ്ടതും ഈ ആത്മവിശ്വാസമാണ്. റിഷഭ് പന്തിനെ പോലൊരു താരത്തെ കുറിച്ച് ഒരു സംശയവും വേണ്ട. ധോണിയുമായുള്ള താരതമ്യം അദ്ദേഹത്തിന് വലിയ ഭാരമാണ്. കാരണം, വളരെ കഴിവുള്ള താരം തന്നെയാണ് പന്ത്. ധോണിയെ പോലെ ആകുകയെന്ന ആകുലതയൊന്നും പന്തിന് വേണ്ട. ധോണിയേക്കാൾ മികച്ച ക്രിക്കറ്റ് താരമാകാൻ പന്തിന് സാധിക്കും. കളികൾ ജയിപ്പിക്കാനും അദ്ദേഹത്തിനു കഴിവുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കാനും അദ്ദേഹം യോഗ്യനാണ്,” പാർഥിവ് പട്ടേൽ പറഞ്ഞു.
Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ കൂടുതൽ; സംസ്ഥാനത്ത് 2,798 പേർക്ക് കൂടി കോവിഡ്
ഐപിഎല്ലിൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് റിഷഭ് പന്താണ്. ശ്രേയസ് അയ്യർക്ക് പരുക്കേറ്റതിനെ തുടർന്നാണ് പന്തിനെ നായകനാക്കിയത്. മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് അടക്കമുള്ള മുതിർന്ന താരങ്ങളുള്ള ഡൽഹി ക്യാപിറ്റൽസിനെയാണ് റിഷഭ് പന്ത് നയിക്കുന്നത്.
അതേസമയം, കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഇന്ത്യൻ ടീമിൽ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യയിൽ വച്ച് നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പന്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു.