/indian-express-malayalam/media/media_files/uploads/2019/01/pant-5.jpg)
മുംബൈ: ലോകകപ്പിനുള്ള മുന്‍ ഒരുക്കങ്ങളിലും അവസാന ഇലവനിലെത്തിച്ചേരാനുള്ള നീക്കങ്ങളിലുമാണ് ഇന്ത്യ. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതും ഫോര്‍മേഷന്‍ മാറ്റി പരിശോധിക്കുന്നതുമെല്ലാം ലോകകപ്പ് മുന്നില്‍ കണ്ടാണ്. ലോകകപ്പ് ടീമിലേക്കുള്ള മത്സരത്തില്‍ മുന്നിലുള്ളത് ഋഷഭ് പന്തും അജിങ്ക്യ രഹാനെയുമാണെന്ന് മുഖ്യ പരിശീലകന്‍ എം.എസ്.കെ.പ്രസാദ് പറയുന്നു.
ഋഷഭ് പന്തിന്റെ പ്രകടനത്തില്‍ അതീവ സംതൃപ്തനാണ് പ്രസാദ്. പന്തിന്റെ പ്രകടനത്തെ ആരോഗ്യകരമായ തലവേദന എന്നാണ് എംഎസ്‌കെ വിശേഷിപ്പിക്കുന്നത്.
''നിസംശയമായും അവന്‍ ടീമിലേക്കുള്ള മത്സരത്തിലുണ്ട്. ഒരു ആരോഗ്യകരമായ തലവേദന പോലെ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്ലാ ഫോര്‍മാറ്റിലും പന്തിന്റെ വളര്‍ച്ച വളരെ വലുതാണ്. അവന് കുറച്ച് പക്വത വേണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ടാണ് അവനെ ഇന്ത്യ എയില്‍ പറ്റുമ്പോഴെല്ലാം കളിപ്പിക്കുന്നത്'' പ്രസാദ് പറഞ്ഞു.
പന്തിനെ കുറിച്ച് കരുതിയിരുന്നത് പക്വതയില്ലാത്ത വ്യക്തിയാണെന്നായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പന്ത് പക്വത കാണിച്ചു തുടങ്ങിയെന്നും ടീമിനോടുള്ള കമിറ്റ്‌മെന്റ് വ്യക്തമാണെന്നും പ്രസാദ് പറഞ്ഞു. അജിങ്ക്യ രഹാനെ ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി കളിക്കുന്നുണ്ടെന്നും ലോകകപ്പ് ടീമിലേക്കുള്ള ഒരു ഓപ്ഷനാണ് രഹാനെയെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റ് എയില്‍ 11 ഇന്നിങ്‌സുകളില്‍ നിന്നും 597 റണ്‍സാണ് രഹാനെ നേടിയത്.
മറ്റൊരു പ്രതീക്ഷയുള്ള താരം യുവതാരം വിജയ് ശങ്കറാണ്. ടീമില്‍ എവിടെയാകും വിജയ് ശങ്കറിന്റെ സ്ഥാനം എന്നതിനെ ചൊല്ലിയാണ് സംശയം നിലനില്‍ക്കുന്നതെന്ന് പ്രസാദ് പറയുന്നു.
''ലഭിക്കുന്ന അവസരങ്ങളില്ലെല്ലാം വിജയ് ശങ്കര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ എയുടെ മത്സരങ്ങളിലൂടെ അവനെ പാകപ്പെടുത്തുകയായിരുന്നു. പക്ഷെ കണ്ടറിയേണ്ടത് ഈയൊരു ടീമില്‍ എവിടെയാകും അവനെ ഉള്‍പ്പെടുത്തുക എന്നതാണ്'' പ്രസാദ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.