പാക്കിസ്ഥാന്‍ സ്പിന്‍ ബോളര്‍ സഈദ് അജ്മല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ദേശീയ ട്വന്റി 20 ലീഗ് അവസാനിക്കുന്നതോടെ താന്‍ വിരമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകദിനത്തിലും ടെസ്റ്റിലും ബോളിങ് റാങ്കില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്തിരുന്നിട്ടുളള താരമാണ് അജ്മല്‍.

ബോളിങ് ആക്ഷനിലെ പരാതികള്‍ മൂലം പാകിസ്ഥാന്‍ ടീമില്‍ നിന്ന് പുറത്തായിട്ട് ഇപ്പോള്‍ ഏറെക്കാലമായി. കൗണ്ടി ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ടോപ് വിക്കറ്റ് ടേക്കറായിരുന്നു അജ്മല്‍. പാകിസ്ഥാന്‍ ട്വന്റി-20യില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനായും മികവ് തെളിയിച്ചെങ്കിലും അതൊന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രദ്ധയില്‍ പതിഞ്ഞില്ല. ഇതില്‍ താരം തീര്‍ത്തും നിരാശനുമാണ്.

2014ലായിരുന്നു അദ്ദേഹം അവസാനമായി ടെസ്റ്റ് കളിച്ചത്. ബോളിങ് ആക്ഷനിലെ പരാതി ഉയര്‍ന്നതോടെയാണ് അദ്ദേഹം ടീമിന് പുറത്തായത്. പിന്നീട് 215 ഓടോ ടീമില്‍ നിന്നും പുറത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി.

‘ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ദേശീയ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലും ടോപ് വിക്കറ്റ് ടേക്കറായിരുന്നു ഞാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി പന്തെറിയാനും കഴിയുന്നുണ്ട്. ഇതിലും കൂടുതല്‍ എങ്ങനെ ഫോം തെളിയിക്കണമെന്ന് തനിക്കറിയില്ല. രാജ്യത്തിനായി കളിക്കാന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. തന്നെ ഇത്രകാലം പിന്തുണച്ച ആരാധകരെ താന്‍ ഒരിക്കലും നിരാശപ്പെടുത്തില്ല. തന്റെ മികവ് തെളിയിക്കാന്‍ ഒരു അവസരം കൂടി തരാന്‍ മാത്രമെ ഞാന്‍ അധികൃതരോട് ആവശ്യപ്പെടുന്നുള്ളൂ. അതില്‍ പരാജയപ്പെടുകയാണെങ്കില്‍ പിന്നീട് ഞാന്‍ ഒരിക്കലും പരാതിപ്പെടില്ല- അജ്മല്‍ പറഞ്ഞിരുന്നു.

35 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 178 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 113 ഏകദിന മത്സരങ്ങളില്‍ നിന്നായി 184 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 64 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 85 വിക്കറ്റുകളും നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ