ലണ്ടൻ: വാതുവയ്പ് കേസിൽ മുൻ പാക്കിസ്ഥാൻ താരത്തിന് ജയിൽ ശിക്ഷ. പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ വാതുവയ്പ്പിൽ പങ്കാളിയാണെന്ന് കണ്ടെത്തിയ നസീർ ജംഷദിനാണ് 17 മാസം ജയിൽ ശിക്ഷ വിധിച്ചത്. നസീർ ജംഷദിനൊപ്പം പിടിയിലായ യൂസഫ് അൻവറിന് മൂന്ന് വർഷവും മുഹമ്മദ് ഇജാസിന് നാല് വർഷവുമാണ് തടവു ശിക്ഷ. വാതുവയ്പ്പിൽ നിർമായക പങ്കു വഹിച്ചവരാണ് ഇരുവരും.
നേരത്തെ ജംഷദിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പത്ത് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2016ൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിലും 2017ൽ പാക്കിസ്ഥാൻ സൂപ്പർ ലിഗിലും വാതുവയ്പ്പ് നടന്നതായി നേരത്തെ കണ്ടെത്തിയത്. രണ്ട് ടൂർണമെന്റുകളിലും ആദ്യ രണ്ട് പന്തിൽ ബാറ്റ്സ്മാന്മാർ റൺസ് വഴങ്ങാതിരിക്കാൻ ഇടപ്പെട്ടുവെന്നാണ് കണ്ടെത്തൽ. 30,000 പൗണ്ടിന്റെ പ്രതിഫലമാണ് ഇതിന് നൽകിയത്.
ഇതിന് ശേഷം മറ്റ് താരങ്ങളെ വാതുവയ്പ് സംഘവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായും ജംഷദ് പ്രവർത്തിച്ചു. ഫെബ്രുവരി ഒമ്പതിന് ദുബായിയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇസ്ലാമാബാദ് യുണൈറ്റഡ്-പെഷ്‌വാർ സാൽമി മത്സരത്തിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് തെളിഞ്ഞത്.
പാക്കിസ്ഥാൻ ദേശീയ ടീമിനുവേണ്ടി നിരവധി മത്സരങ്ങൾ കളിച്ച താരമാണ് നസീർ ജംഷദ്. 48 ഏകദിനങ്ങളും രണ്ട് ടെസ്റ്റ മത്സരങ്ങളിലും പാക്കിസ്ഥാൻ കുപ്പായത്തിൽ നസീർ ബാറ്റേന്തിയിട്ടുണ്ട്. ശിക്ഷാ കാലാവധി അവസാനിച്ചാലും വിലക്ക് തുടരുന്ന സാഹചര്യത്തിൽ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരത്തിന് സാധിക്കില്ല. ക്രിക്കറ്റ് കളിക്കാനും അതുമായി ബന്ധപ്പെട്ട നടത്തിപ്പിനും താരത്തിന് വിലക്കുണ്ട്.