ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഗുരുതരമായ ആരോപണങ്ങളാണ് ഉയർത്തിയത്. ഗാർഹിക പീഡനം, വാതുവയ്പ് ആരോപണം, പരസ്ത്രീ ബന്ധം ഉൾപ്പെടെയുളള ആരോപണമാണ് ഹസിൻ ഉയർത്തിയത്.

അലിഷ്ബ എന്ന പേരുളള പാക്കിസ്ഥാൻ യുവതിയുമായി ഷമിക്ക് ബന്ധമുണ്ടെന്നും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ദുബായിലെ ഹോട്ടലിൽ വച്ച് ഇരുവരും കണ്ടുവെന്നും ഹസിൻ പറഞ്ഞിരുന്നു. മുഹമ്മദ് ഭായ് എന്നു പേരുളള ആളുടെ കൈയ്യിൽ ഷമിക്കായി അലിഷ്ബ പണം കൊടുത്തുവിട്ടെന്നും ഹസിൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ബിസിസിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഹസിൻ ജഹാൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അലിഷ്ബ. എബിപി ന്യൂസിനോട് അലിഷ്ക തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ദുബായിൽ വച്ച് ഷമിയെ കണ്ടിരുന്നുവെന്ന് അലിഷ്ബ സമ്മതിച്ചു.

”ദുബായിൽ ഞാൻ ഇടയ്ക്കിടെ വരാറുണ്ട്. എന്റെ സഹോദരി ഷാർജയിലാണ് താമസം. ഷമിയുടെ ആരാധികയാണ് ഞാൻ. എല്ലാ ആരാധകരെയും പോലെ എന്റെയും ഇഷ്ട താരമായ ഷമിയെ ഒരിക്കൽ നേരിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിൽനിന്നും ദുബായ് വഴിയാണ് ഷമി ഇന്ത്യയിലേക്ക് പോകുന്നതെന്ന് ഞാൻ അറിഞ്ഞു. ആ സമയത്ത് സഹോദരിയെ കാണാനായി ഞാനും ദുബായിലേക്ക് പോവുകയായിരുന്നു. അങ്ങനെയാണ് ഷമിയെ ദുബായിൽവച്ച് കണ്ടത്”

”ഷമിക്ക് നിരവധി ആരാധകരുണ്ട്. ഞാനും അക്കൂട്ടത്തിൽ ഒരാളാണ്. പക്ഷേ ഞാൻ അദ്ദേഹത്തെ നിരന്തരം ഫോളോ ചെയ്യാറുണ്ട്. അദ്ദേഹത്തിന് മെസേജ് അയയ്ക്കാറുണ്ട്. അങ്ങനെയാണ് ഞാനും ഷമിയും സുഹൃത്തുക്കളായത്. ഷമിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്” അലിഷ്ബ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook