ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീം ചരിത്ര നേട്ടം നേടിയതിന് നെടുംതൂണാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യൻ ടീം നേടിയത്. വിരാട് കോഹ്‌ലിയുടെ നായകത്വത്തിലുള്ള ഇന്ത്യൻ ടീമാണ് ചരിത്ര നേട്ടം കൈവരിച്ചത്. എന്നാൽ ഇന്ത്യയുടെ ഈ ചരിത്ര നേട്ടത്തെ അംഗീകരിക്കാൻ പാക് മുൻതാരത്തിന് കഴിഞ്ഞിട്ടില്ല.

പാക് നായകൻ സർഫ്രാസ് അഹമ്മദിന്റെ നായകത്വത്തിലുള്ള പാക് ടീം ഈ സമയത്ത് ഓസ്ട്രേലിയൻ പര്യടനം നടത്തിയിരുന്നുവെങ്കിൽ അവരെ തോൽപ്പിച്ചേനെ എന്നാണ് പാക് മുൻ താരം മുഹമ്മദ് യൂസഫ് പറയുന്നത്. 44 കാരനായ യൂസഫിന്റെ അഭിപ്രായം പാക്കിസ്ഥാൻ ജേർണലിസ്റ്റ് സാജ് സാദിഖാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

”ഇപ്പോൾ പാക്കിസ്ഥാൻ ടീം ഓസ്ട്രേലിയയിൽ പോയിരുന്നുവെങ്കിൽ അവർക്കും ജയിക്കാനുള്ള അവസരം കിട്ടുമായിരുന്നു,” ഇതാണ് യൂസഫ് പറഞ്ഞത്. ടെസ്റ്റ് റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള രാജ്യമാണ് പാക്കിസ്ഥാൻ. അതേസമയം, ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദർശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമാണ് ഓസ്ട്രേലിയയിൽ അവർക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.

ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ അടക്കം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook