ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ശ്രീലങ്കയ്ക്കെതിരായ മൽസരം പാക്കിസ്ഥാന് നിർണായകമാണ്. പാക്ക് ബാറ്റ്സ്മാൻ ഷൊയ്‌ബ് മാലിക്കിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത കൂടി ഈ മൽസരത്തിനുണ്ട്. മാലിക്കിന്റെ 250-ാമത് ഏകദിന മൽസരമാണിത്. ഈ അവസരത്തിൽ മാലിക്കിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും ടെന്നിസ് താരവുമായ സാനിയ മിർസ.

”പാക്കിസ്ഥാനോടും ക്രിക്കറ്റിനോടുമുളള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയാണിത് കാണിക്കുന്നത്. എനിക്ക് അദ്ദേഹത്തെ നന്നായിട്ട് അറിയാം. പാഷനോടെ ക്രിക്കറ്റിനെ കാണുകയും അതിനെ സ്നേഹിക്കുകയും രാജ്യത്തിനുവേണ്ടി കളിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ അമ്മയും സഹോദരനും സഹോദരിയും ഞാനും ഉൾപ്പെടെയുളള എല്ലാ കുടുംബാഗങ്ങൾക്കും അഭിമാനകരമായ നിമിഷമാണിത്. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ഞങ്ങളോരോരുത്തരും അഭിമാനിക്കുന്നു”വെന്നും സാനിയ പറയുന്നു.

”ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മൽസരങ്ങളും എനിക്ക് കാണാൻ സാധിക്കാറില്ല. ചില മൽസരങ്ങൾ കണ്ടിട്ടുണ്ട്. പാക്കിസ്ഥാൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച മൽസരം ലൈവായി കണ്ടു. ശ്രീലങ്കയ്ക്കെതിരായ ഇന്നത്തെ മൽസരവും ഞാൻ കാണും. ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ചില മൽസരങ്ങളും താൻ കണ്ടുവെന്നും” സാനിയ പറഞ്ഞു.

”ഞങ്ങൾ രണ്ടുപേരും ഒരുമിച്ചുളള സമയം വളരെ കുറവാണ്. രണ്ടുപേരും പ്രൊഫഷനൽ കളിക്കാരാണ്. ഈ സമയത്തെല്ലാം ഫോൺ വളരെ ഉപകാരപ്രദമായിട്ടുണ്ട്. ഇപ്പോൾ ഞാൻ ലണ്ടനിലുണ്ട്. ഇന്ത്യയിലേക്കോ ദുബായിലേക്കോ പോകുന്നില്ല. അതിനാൽത്തന്നെ ചാംപ്യൻസ് ട്രോഫിയിലെ ചില മൽസരങ്ങൾ കാണാൻ സാധിക്കുമെന്നും” സാനിയ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ