T20 World Cup, Pakistan vs Scotland Score: ടി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ പാകിസ്ഥാന് 72 റൺസ് ജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ട്ലൻഡിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമാണ് നേടാനായത്.
പുറത്താകാതെ അർദ്ധ സെഞ്ചുറി നേടിയ റിച്ചീ ബെറിങ്ടൺ മാത്രമാണ് സ്കോട്ട്ലൻഡിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റുള്ളവരിൽ ഓപ്പണർ ജോർജ് മുൻസേ-17, മിച്ചേൽ ലീസ്ക്-14 എന്നിവർ ഒഴികെ മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാായില്ല. കൈലി കോട്സർ-ഒമ്പത്, മാത്യു ക്രോസ്-അഞ്ച്, ഡൈലൻ ബുഡ്ജ്-പൂജ്യം, ക്രിസ് ഗ്രീവ്സ്- നാല്, മാർക് വാട്ട്- രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
പാകിസ്ഥാന് വേണ്ടി ഷദാബ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഹിൻ അഫ്രീദി, ഹാരിസ് റഊഫ്, ഹസ്സൻ അലി എന്നിവർ ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ബാബർ അസമിന്റെയും അഞ്ചാമതായി ഇറങ്ങി പുറത്താകാതെ കളിച്ച ശോയ്ബ് മാലികിന്റെയും പ്രകടനം പാകിസ്ഥാന് നിർണായകമായി.
ശോയ്ബ് മാലിക് 18 പന്തിൽ നിന്ന് 54 റൺസ് നേടി ടൂർണമെന്റിലെ വേഗത്തിലുള്ള അർദ്ധ സെഞ്ചുറികളിലൊന്ന് തികച്ചു. ബാബർ അസം 47 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറും അടക്കം 66 റൺസ് നേടി.
മുഹമ്മദ് റിസ്വാൻ 19 പന്തിൽ നിന്ന് 15 റൺസെടുത്ത് പുറത്തായി. ഫഖർ സമാൻ-എട്ട്, മുഹമ്മഗ് ഹഫീസ്-31, ആസിഫ് അലി-അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
സ്കോട്ട്ലൻഡിന് വേണ്ടി ക്രിസ് ഗ്രീവ്സ് രണ്ട് വിക്കറ്റെടുത്തു. സഫ്യാൻ ശെരീഫ്, ഹംസ താഹിർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഈ ജയത്തോടെ ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും ജയിച്ച ടീമായി പാകിസ്ഥാൻ മാറി. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ 10 പോയിന്റോടെ ഗ്രൂപ്പ് രണ്ടിൽ ഒന്നാമതാണ്. ഇുര ഗ്രൂപ്പിലുമായി ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ നാല് വീതം മത്സരങ്ങൾ ജയിച്ച് എട്ട് പോയിന്റ് വീതം നേടിയിട്ടുണ്ട്.