ട്വന്റി 20 ലോകകപ്പിൽ രണ്ടാമത്തെ സൂപ്പർ 12 മത്സരത്തിലും ജയം നേടി പാകിസ്ഥാൻ. ന്യൂസീലൻഡിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ ജയിച്ചത്. കിവീസിന്റെ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 20 ഓവർ പൂർത്തിയാവാൻ എട്ട് പന്തുകൾ ശേഷിക്കേയാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി വിജയം സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിന്റെ സ്കോർ 134 റൺസിലൊതുക്കാൻ കഴിഞ്ഞതാണ് പാകിസ്താനെ വിജയത്തിലേക്കെത്തിച്ചത്. ബാറ്റിങ്ങിൽ അവസാന ഓവറുകളിലെ മികച്ച പ്രകടനവും പാകിസ്താന്റെ ജയത്തിൽ നിർണായകമായി.
34 പന്തിൽ നിന്ന് 33 റൺസ് നേടിയ ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാകിസ്താൻറെ ടോപ് സ്കോറർ. കാപ്റ്റൻ ബാബബർ അസം 11 പന്തിൽ നിന്ന് ഒമ്പത് റൺസ് നേടി പുറത്തായി. ശോയ്ബ് മാലിക് പുറത്താകാതെ 20 പന്തിൽ നിന്ന് 26 റൺസ് നേടി. ആസിഫ് അലി അവസാന ഓവറുകളിൽ പുറത്താകാതെ 12 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 27 റൺസ് നേടി.
ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഇമാജ് വസീം എന്നിവർ 11 റൺസ് നേടി.
കിവീസിന് വേണ്ടി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ടും മിച്ചൽ സാൻറ്നറും ടിം സൂത്തിയും ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി.
പാകിസ്താൻ ബോളിങ് നിരക്ക് മുന്നിൽ കിവീസ് ബാറ്റിങ്ങ് നിരയ്ക്ക് മുന്നേറാൻ സാധിക്കാത്ത കാഴ്ചയാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ദൃശ്യമായത്. ഒരു താരത്തിനും കിവീസിന് വേണ്ടി 30 റൺസ് തികയ്ക്കാനായില്ല. 20 പന്തിൽനിന്ന് 27 റൺസ് നേടിയ ഡാനിയൽ മിച്ചലും 24 പന്തിൽനിന്ന് 27 റൺസ് നേടിയ ഡെവോൺ കോൺവേയുമാണ് ന്യൂസീലൻഡിന്റെ ടോപ്പ് സ്കോററർമാർ. നായകൻ കെയിൻ വില്യംസൺ 26 പന്തിൽ നിന്ന് 25 റൺസ് നേടി. ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ 20 പന്തിൽ നിന്ന് 17 റൺസ് നേടി പുറത്തായി. ഗ്ലെൻ ഫിലിപ്സ് 15 പന്തിൽ നിന്ന് 13 റൺസ് നേടി. ജെയിംസ് നീഷാം ഒരു റൺ മാത്രം നേടി പുറത്തായി.
ടിം സെയ്ഫെർട്ട് എട്ട് റൺസും മിച്ചൽ സാൻ്റ്നർ ആറ് റൺസും ഇഷ് സോധി രണ്ട് റൺസുമെടുത്തു.
പാകിസ്ഥാന് വേണ്ടി ഹാരിസ് റഊഫ് നാല് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദിയും ഇമാദ് വസീമും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പാകിസ്ഥാൻ പ്ലെയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ(വിക്കറ്റ് കീപ്പർ), ബാബർ അസം(കാപ്റ്റൻ), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാൻ, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി
ന്യൂസിലൻഡ് പ്ലെയിംഗ് ഇലവൻ: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ(കാപ്റ്റൻ), ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ജെയിംസ് നീഷാം, ടിം സീഫെർട്ട്(വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി, ട്രെന്റ് ബോൾട്ട്