ലണ്ടന്‍: ബംഗ്ലാദേശിനെ 94 റണ്‍സിന് തകര്‍ത്ത് പാക്കിസ്ഥാന്‍. ഷഹീന്‍ അഫ്രീദിയുടെ ആറ് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ജയിച്ചെങ്കിലും റണ്‍ റേറ്റില്‍ പിന്നിലായതിനാല്‍ പാക്കിസ്ഥാന് സെമി ഫൈനല്‍ യോഗ്യത നേടാനായില്ല.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 316 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ ഷാക്കിബ് അല്‍ ഹസനാണ് ടോപ് സ്‌കോറര്‍. ഇതോടെ ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് ഒന്നാമതെത്തി. 77 പന്തുകളില്‍ നിന്നും 64 റണ്‍സാണ് ഷാക്കിബ് നേടിയത്. ലിറ്റണ്‍ ദാസ് 32 റണ്‍സും നേടി.

9.1 ഓവറില്‍ 35 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ അഫ്രീദിയാണ് പാക്കിസ്ഥാന്റെ വിജയശില്‍പ്പി.ഷാക്കിബിന്റേയും ലിറ്റണ്‍ ദാസിന്റേയും അടക്കം നിര്‍ണായക വിക്കറ്റുകളാണ് ഷഹീന്‍ നേടിയത്.ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി.

ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 315 റണ്‍സെടുത്തത്. സെമി പ്രവേശനം നേടണമെങ്കില്‍ 311 റണ്‍സിന്റെ വിജയം വേണം പാക്കിസ്ഥാന്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 315 റണ്‍സെടുക്കാനേ സാധിച്ചിട്ടുള്ളൂ. ഇതോടെ പാക്കിസ്ഥാന്റെ സെമി മോഹം അവസാനിച്ചിരിക്കുകയാണ്.

ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയും ബാബര്‍ അസമിന്റെ അര്‍ധ സെഞ്ചുറിയുമാണ് പാക്കിസ്ഥാന്റെ സ്‌കോര്‍ 315 ലെത്തിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടെ പാക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

100 പന്തുകളില്‍ നിന്നും 100 റണ്‍സാണ് ഇമാം നേടിയത്. അതേസമയം കൂറ്റന്‍ സ്‌കോര്‍ വേണ്ടിടത്ത് ആഞ്ഞടിക്കാതെ കളിച്ച ഇമാമിനെതിരെ പാക് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഹിറ്റ് വിക്കറ്റായാണ് ഇമാം പുറത്തായത്. സെഞ്ചുറിയ്ക്ക് നാല് റണ്‍സകലെ ബാബറിനെ സെയ്ഫുദ്ദീന്‍ പുറത്താക്കുകയാണ്.

ഇമാമിന് പിന്നാലെ 27 റണ്‍സെടുത്ത മുഹമ്മദ് ഫാഹിസും പുറത്തായതോടെ പാക്കിസ്ഥാന്റെ സെമി മോഹങ്ങള്‍ അവസാനിച്ചു. പിന്നാലെ വന്നവരില്‍ തിളങ്ങിയത് 26 പന്തില്‍ 43 റണ്‍സെടുത്ത ഇമാദ് വസീം മാത്രമാണ്. അഞ്ച് വിക്കറ്റെടുത്ത മുസ്തഫിസൂര്‍ റഹ്മാനാണ് പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചത്. സെയ്ഫുദ്ദീന്‍ മൂന്ന് വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook