/indian-express-malayalam/media/media_files/uploads/2018/10/pakistan.jpg)
പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്‍ക്ക് നാണംകെട്ട തോൽവി. 373 റൺസിനാണ് പാക്കിസ്ഥാൻ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 538 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 164 റൺസിന് പുറത്താകുകയായിരുന്നു. ആദ്യ ഇന്നിങ്സിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ ഓസ്ട്രേലിയൻ താരങ്ങൾക്കായിരുന്നില്ല.
രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി പത്ത് വിക്കറ്റുകൾ വീഴ്ത്തിയ പാക്കിസ്ഥാൻ താരം മുഹമ്മദ് അബ്ബാസിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ തകർത്തത്. അബ്ബാസിന്റെ ആദ്യ പത്ത് വിക്കറ്റ് നേട്ടമാണിത്. ആദ്യ ഇന്നിങ്സിൽ ഓപ്പണർ ഫഖാർ സമന്റെയും ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിന്റെയും അർദ്ധസെഞ്ചുറി മികവിൽ 282 റൺസ് നേടി പുറത്താകുകയായിരുന്നു. 94 റൺസ് വീതം നേടിയാണ് സെഞ്ചുറിക്കരികിൽ ഇരുവരും പുറത്തായത്.
എന്നാൽ മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയൻ ഇന്നിങ്സ് വേഗം തന്നെ അവസാനിച്ചു. ടീം സ്കോർ 145 ൽ എത്തിയപ്പോഴേക്കും ഓസ്ട്രേലിയൻ താരങ്ങളെല്ലാം മടങ്ങി. 138 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ 400 റൺസിന് ഡിക്ലയർ ചെയ്തു. ഇത്തവണ ഓപ്പണർ ഫഖാർ സമനും ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനും പുറമെ ബാബർ അസമും, അസർ അലിയും പാക്കിസ്ഥാനായി അർദ്ധസെഞ്ചുറി തികച്ചു, 99 റൺസെടുത്ത് നിൽക്കവെയാണ് ബാബർ അസം പുറത്തായത്.
538 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ നിരയിൽ മർനൂസ് ലാബുസ്ചഗ്‍നെക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. നാല് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായുള്ളൂ. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് അബ്ബാസ് രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
വിജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര പാക്കിസ്ഥാൻ 1-0ന് സ്വന്തമാക്കി. നേരത്തെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പര കൂടി ഓസ്ട്രേലിയ പാക്കിസ്ഥാനെതിരെ യൂഎഇയിൽ കളിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us