ക്രിക്കറ്റിലും രാഷ്ട്രീയ കാര്യങ്ങളിലും എന്നും വിവാദങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ള താരമാണ് പാക്കിസ്ഥാന്രെ മുൻ നായകൻ കൂടിയായ ഷാഹിദ് അഫ്രീദി. അത്തരത്തിലൊരു പരാമർശവുമായാണ് താരം വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. മത്സരശേഷം തങ്ങളുടെ ടീമിനോട് മാപ്പ് ചോദിക്കേണ്ടി വരുന്ന വിധം ഇന്ത്യയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു. ഇന്ത്യൻ ആരാധകരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് താരത്തിന്റെ പുതിയ പ്രസ്താവനയെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.
ഇന്ത്യൻ ടീമിനെതിരെ കളിക്കുന്നതാണ് താൻ ഏറ്റവും ആസ്വദിക്കാറുള്ളത്. തന്റെ മികച്ച ഇന്നിങ്സുകൾ പിറന്നിട്ടുള്ളത് ഇന്ത്യക്കും ആസ്ട്രേലിയക്കും എതിരെ കളിക്കുമെതിരെയാണെന്നും താരം പറഞ്ഞു. യൂട്യൂബിൽ ക്രിക് കാസ്റ്റ് ഷോയിൽ പെങ്കടുക്കവേയാണ് അഫ്രീദിയുടെ അവകാശവാദം.
Also Read: ‘സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാം’: കുൽദീപ് യാദവ്
‘ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾ ഞാൻ എക്കാലവും ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെത്തവണ ഞങ്ങൾ അവരെ തോൽപ്പിച്ചിട്ടുണ്ട്. വ്യക്തമായ മാർജിനിൽത്തന്നെ. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളോട് ഇന്ത്യൻ ടീം ക്ഷമ യാചിക്കേണ്ട അവസ്ഥ പോലും സൃഷ്ടിച്ചാണ് പലപ്പോഴും ഞങ്ങൾ അവരെ തോൽപ്പിച്ചിരുന്നതെന്നാണ് ഞാൻ കരുതുന്നത്,’ അഫ്രീദി പറഞ്ഞു.
ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾക്കെതിരെ കളിക്കാൻ താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. ഈ ടീമുകൾക്കെതിരെ കളിക്കുമ്പോൾ നമുക്ക് കടുത്ത സമ്മർദ്ദമുണ്ടാകും. ഈ ടീമുകൾ ശക്തമായ ടീമുകളാണല്ലോ. അവരെ സഹായിക്കുന്ന സാഹചര്യങ്ങളിൽപ്പോയി മികച്ച പ്രകടനം നടത്തുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യവുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കെതിരായ ഇന്നിങ്സുകളിൽ തനിക്കേറ്റവും ഇഷ്ടമുള്ളത് 1999ൽ ചെന്നൈ ടെസ്റ്റിൽ നേടിയ 144 റൺസാണെന്നും അഫ്രീദി പറഞ്ഞു. ആ പരമ്പരയിൽ ടീമിലിടം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അതുപോലൊരു ഇന്നിങ്സ് പിറവിയെടുത്തത്.
“എന്നെ ടീമിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റിന് പദ്ധതിയുമില്ലായിരുന്നു. വസിം അക്രവും അന്നത്തെ ചീഫ് സിലക്ടറും നൽകിയ ഉറച്ച പിന്തുണയിലാണ് ഞാൻ ടീമിലെത്തിയത്. എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ പരമ്പരയായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് അന്ന് നേടിയ സെഞ്ചുറിയും ഏറെ പ്രിയപ്പെട്ടതാകുന്നത്,” അഫ്രീദി പറഞ്ഞു.