കറാച്ചി: ഒൻപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റ് കറാച്ചിയില്‍ തിരികെ എത്തിയപ്പോള്‍ ചരിത്ര വിജയവുമായി പാക്കിസ്ഥാന്‍. 143 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. മൂന്ന് മൽസരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ ഇതോടെ പാക്കിസ്ഥാന്‍ തുടക്കത്തില്‍ തന്നെ ആധിപത്യമുറപ്പിച്ചു.

13.4 ഓവറില്‍ വെറും 60 റണ്‍സ് മാത്രമെടുത്താണ് വിന്‍ഡീസ് പുറത്തായത്. തങ്ങളുടെ ഏറ്റവും കുറഞ്ഞ ട്വന്റി-20 ടോട്ടലിനായിരുന്നു വിന്‍ഡീസിന്റെ പതനം. ടോസ് ലഭിച്ച വിന്‍ഡീസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം, തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 സ്‌കോര്‍ നേടിയാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്. പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. അരങ്ങേറ്റ മൽസരം കളിച്ച ഹുസൈന്‍ ടാലറ്റാണ് പാക് നിരയിലെ ടോപ്പ് സ്‌കോറര്‍. ഹുസൈന്‍ 41 റണ്‍സ് നേടി.

2015 മെയ് മാസത്തിന് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ അരങ്ങേറുന്ന ബൈലാറ്ററല്‍ സീരിസാണിത്. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മുഹമ്മദ് ആമിര്‍, മുഹമ്മദ് നവാസ്, ഷോയ്ബ് മാലിക്ക്, എന്നിവരാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. തങ്ങളുടെ ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇതോടെ പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. അതേസമയം മാര്‍ലോണ്‍ സാമുവല്‍സ് (18), റയാദ് എമ്രിറ്റ് (11), കീമോ പോള്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

2009 മാർച്ചില്‍ ലാഹോറില്‍ വച്ച് ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ വെടിവയ്പുണ്ടായ സംഭവത്തിന് ശേഷം ഇതാദ്യമായാണ് കറാച്ചിയില്‍ ക്രിക്കറ്റ് മടങ്ങിയെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പ്രധാന താരങ്ങളായ ജെയ്‌സണ്‍ ഹോള്‍ഡര്‍, കാര്‍ലോസ് ബ്രാത് വെയ്റ്റ്, ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ് എന്നിവര്‍ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ക്രിക്കറ്റിന്റെ മടങ്ങി വരവ് കാണാന്‍ 18000 പേരാണ് കറാച്ചിയിലെ സ്റ്റേഡിയത്തിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ