ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏക ഹിന്ദു മത വിശ്വാസിയായിരുന്ന ഡാനിഷ് കനേരിയയ്ക്ക് സഹതാരങ്ങളിൽ നിന്നും വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി പാക് താരം ഷോയബ് അക്തർ. ഹിന്ദുവാണെന്ന ഒറ്റ കാരണത്താലാണ് കനേരിയക്കു സഹതാരങ്ങളിൽനിന്നു മോശം അനുഭവം ഉണ്ടായതെന്നും ‘ഗെയിം ഓൺ ഹേ’ പരിപാടിയിൽ പങ്കെടുത്ത അക്തർ പറഞ്ഞു.
“എന്റെ കരിയറിൽ, കറാച്ചി, പഞ്ചാബ്, പെഷവാർ എന്നീ വിഷയങ്ങളിൽ സഹതാരങ്ങളുമായി പലതവണ തർക്കിക്കേണ്ടി വന്നിട്ടുണ്ട്. ഡാനിഷ് കനേരിയയെപ്പോലുള്ള ഹിന്ദു കളിക്കാരോട് ആളുകൾ ‘നിങ്ങൾ എന്തിനാണ് (ഞങ്ങളോടൊപ്പം) ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്?’ പോലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു.”
Read More: 2019 ൽ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ അഞ്ച് വിവാദങ്ങൾ
“ഞാൻ അവർക്ക് മറുപടി കൊടുക്കാറുണ്ടായിരുന്നു. ‘നിങ്ങളുടെ വീട്ടിൽ നിന്നും ഞാൻ ഭക്ഷണം എടുത്ത് നിങ്ങളോട് പുറത്തു പോയി കഴിക്കാൻ പറഞ്ഞാൽ എന്ത് തോന്നും,’ എന്ന് ഞാനവരോട് ചോദിച്ചിരുന്നു,” അക്തർ പറഞ്ഞു.
VIDEO: Shoaib Akhtar makes a sensational revelation. He says Pakistan players refused to eat food with Danish Kaneria because he was a Hindu. He was never given any credit for his performances and was constantly humiliated because of his religion. pic.twitter.com/zinGtzcvym
— Navneet Mundhra (@navneet_mundhra) December 26, 2019
മത വിശ്വാസം കാരണം കനേരിയയെ പാകിസ്ഥാൻ ടീമിന്റെ ഭാഗമാകാൻ ആഗ്രഹിക്കാത്ത പലരും ഉണ്ടെന്നും തന്റെ പ്രകടനത്തിന് കനേരിയയ്ക്ക് ഒരിക്കലും അർഹമായ ബഹുമതി ലഭിച്ചിട്ടില്ലെന്നും സഹതാരങ്ങൾ അദ്ദേഹത്തെ നിരന്തരം അപമാനിച്ചിരുന്നുവെന്നും അക്തർ പറഞ്ഞു.
ചില കളിക്കാർ കനേരിയയ്‌ക്കൊപ്പം ഭക്ഷണം കഴിക്കാൻ പോലും വിസമ്മതിച്ചു. അത്തരം പെരുമാറ്റം തന്നെ പ്രകോപിപ്പിച്ചുവെന്നും ആ രീതിയിൽ പെരുമാറിയതിന് ടീമംഗങ്ങളോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും അക്തർ പറഞ്ഞു.
അതേസമയം അക്തറിന്റെ വെളിപ്പെടുത്തലുകൾ ശരിവച്ച് കനേരിയയും രംഗത്തെത്തി. ടീമിൽ കളിക്കുന്ന കാലത്ത് ഇത് വെളിപ്പെടുത്താൻ തനിക്ക് ധൈര്യം ഇല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്തർ പറഞ്ഞതെല്ലാം യാഥാർഥ്യമാണെന്നും തന്നോട് വിവേചനം കാണിച്ചവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടീമിൽ കളിച്ചിരുന്ന കാലത്ത് അക്തറും ഇൻസമാമം ഉൾ ഹഖും മുഹമ്മദ് യൂനിസ് ഖാനും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും കനേരിയ ചൂണ്ടിക്കാട്ടി.
2000 നും 2010 നും ഇടയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന കനേരിയ പാകിസ്ഥാന് വേണ്ടി കളിക്കുന്ന രണ്ടാമത്തെ ഹിന്ദു കളിക്കാരനാണ്. മറ്റൊരാൾ 1980 കളിൽ കളിച്ച വിക്കറ്റ് കീപ്പർ അനിൽ ദൽപത് ആയിരുന്നു.
എല്ലാ കഴിവുകളുമുണ്ടായിട്ടും 261 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടും അബ്ദുൽ ഖാദിർ, മുഷ്താഖ് അഹമ്മദ് എന്നിവരുടെ ഉയരങ്ങളിലെത്താൻ സാധിക്കാതിരുന്ന ലെഗ് സ്പിന്നർ കനേരിയയുടെ കരിയർ അവസാനിച്ചത് 2012 ൽ ഇസിബി ആജീവനാന്തം വിലക്കിയതോടെയാണ്.