സൂറിച്ച്:  പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ ഭരണനേതൃത്വത്തിൽ മൂന്നാമത്തെ കക്ഷിയുടെ ഇടപെടലിനെ തുടർന്ന് ഫിഫ പാക്കിസ്ഥാന്റെ അന്താരാഷ്ട്ര അംഗീകാരം റദ്ദാക്കി. ഇതോടെ പാക്കിസ്ഥാന് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ സാധിക്കില്ല. ഫുട്ബോൾ താരങ്ങൾക്ക് ഫിഫയുടെ അന്താരാഷ്ട്ര പരിശീലന പരിപാടികളിലും പങ്കെടുക്കാനാവില്ല.

പാക് കോടതി നിയോഗിച്ച ഭരണാധികാരിയാണ് ഇപ്പോൾ പാക്കിസ്ഥാന്റെ ഫുട്ബോൾ ഫെഡറേഷനെ നിയന്ത്രിക്കുന്നത്. സാമ്പത്തിക വ്യവഹാരങ്ങളും ഓഫീസുകളും പാക്കിസ്ഥാന്റെ ഔദ്യോഗിക ഫുട്ബോൾ നേതൃത്വത്തിന് മടക്കിനൽകാതെ അംഗീകാരം തിരിച്ചുലഭിക്കില്ലെന്നാണ് ഫിഫയുടെ നിലപാട്.

എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പാക് ഫുട്ബോൾ ഫെഡറേഷൻ തയാറായില്ല. ഇക്കാര്യത്തെ കുറിച്ച് വിശദമായി പഠിച്ച ശേഷം പിന്നീട് പ്രതികരിക്കാമെന്നാണ് ഇവർ റോയിട്ടേഴ്സിന് നൽകിയ വിശദീകരണം.

നിലവിൽ 211 രാജ്യങ്ങൾ അംഗമായ ഫിഫയുടെ റാങ്ക് പട്ടികയിൽ 200-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ. 2015 ലോകകപ്പ് യോഗ്യത മത്സരത്തിൽ യെമനോട് 0-0 ന്റെ സമനില വഴങ്ങിയ ശേഷം ഇതുവരെയായും പാക്കിസ്ഥാൻ ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല. ലോകകപ്പിലും ഇതുവരെ പാക്കിസ്ഥാൻ കളിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ