പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്റെ ടി20 ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഇന്ത്യയിൽ പ്രക്ഷേപണം ചെയ്യില്ല. ലീഗിന്റെ ഔദ്യോഗിക ടെലികാസ്റ്റേഴ്സായ ഡി സ്‌പോർട്സിലെ ഉയർന്ന ഉദ്യോഗസ്ഥൻ തന്നെയാണ് പ്രക്ഷേപണം നിർത്തിയ വിവരം അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.

പുൽവാമയിലുണ്ടായ ഭീകരക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഉണ്ടായ ദിവസം ഇസ്‌ലാമാബാദ് യുണൈറ്റഡും മുൾട്ടൻ സുൽത്താൻസും തമ്മിലുള്ള മത്സരവും ലാഹോറും കറാച്ചിയും തമ്മിലുള്ള മത്സവും ഡി സ്പോർട്സ് പ്രക്ഷേപണം ചെയ്തിരുന്നു.

ഫെബ്രുവരി 14 വരെ ഡി സ്‌പോർട്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പിഎസ്എല്ലുമായി ബന്ധപ്പെട്ട ട്വീറ്റുകൾ സജീവമായിരുന്നു. എന്നാൽ ഫെബ്രുവരി 15 മുതൽ മറ്റ് വിഷയങ്ങളാണ് ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെടുന്നത്. ഭീകരാക്രമണം കഴിഞ്ഞ് മൂന്ന് ദിവസമാകുമ്പോൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് മാത്രമാണ് ഡി സ്‌പോർട്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അത് ദക്ഷിണാഫ്രിക്കൻ നായകൻ എബിഡി വില്ലിയേഴ്സിന് ജന്മദിനാശംകൾ നേർന്നുകൊണ്ടുള്ളതാണ്.

ഇന്ത്യ – പാക്കിസ്ഥാൻ കലഹം ഒരിക്കൽ കൂടി കായിക മേഖലയെയും ബാധിക്കുന്നു എന്നതിന് തെളിവാണിത്. നേരത്തെ പാക്കിസ്ഥാൻ മുൻ നായകനും നിലവിലെ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ഛായചിത്രം ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ മുംബൈയിലെ റസ്റ്റററന്റിൽ മറച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook