പാകിസ്ഥാൻ പേസർ മുഹമ്മദ് ഹസ്നൈനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്തെറിയുന്നതിൽ നിന്ന് വിലക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) അറിയിച്ചു. നിയമവിരുദ്ധമായ ബൗളിങ് ആക്ഷൻ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജനുവരി രണ്ടിന്, ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) സിഡ്നി തണ്ടറും അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരത്തിൽ പന്തെറിഞ്ഞതിന് ശേഷം അമ്പയർ ജെറാർഡ് അബൂദാണ് ഹസ്നൈന്റെ നിയമവിരുദ്ധമായ ആക്ഷൻ ആദ്യം റിപ്പോർട്ട് ചെയ്തത്. ഒരിക്കൽ കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) 155 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ 21-കാരനായ ഹസ്നൈന് അതിനുമുന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
അമ്പയറുടെ റിപ്പോർട്ടിനെ തുടർന്ന് ജനുവരി 19 ന് ഹസ്നൈനോട് ഓസ്ട്രേലിയയിൽ ബൗളിങ് പരിശോധയനയ്ക്ക് വിധേയനാവാൻ ആവശ്യപ്പെട്ടിരുന്നു, എന്നാൽ അതിനിടയിൽ പാകിസ്ഥാനിലേക്ക് മടങ്ങേണ്ടി വന്നതിനാൽ, ലാഹോറിലെ ഐസിസി അംഗീകൃത ടെസ്റ്റിംഗ് സെന്ററിൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.
“പിസിബിയുടെ ടെസ്റ്റിംഗ് ലബോറട്ടറിയിൽ ഹസ്നൈന്റെ ബൗളിങ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി, റിപ്പോർട്ട് സിഎയുടെ സ്വതന്ത്ര വിദഗ്ധൻ അവലോകനം ചെയ്യുകയും പരിശോധിച്ചുറപ്പിക്കുകയും ചെയ്തതോടെ ഈ പ്രക്രിയ പൂർത്തിയായി,” സിഎ പ്രസ്താവനയിൽ പറഞ്ഞു.
2019ൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച ഹസ്നൈൻ എട്ട് ഏകദിനങ്ങളും 18 ടി20യും കളിച്ചിട്ടുണ്ട്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) ഈ വിഷയത്തിൽ പ്രസ്താവന പുറത്തിറക്കി, മുഹമ്മദ് ഹസ്നൈന്റെ ആക്ഷൻ സംബന്ധിച്ച പരിശോധന റിപ്പോർട്ട് ലഭിച്ചെന്നും ആക്ഷനില്‍ അനുവദനീയമായ 15 ഡിഗ്രിയിലധികം വളവുള്ളതായി കണ്ടെത്തിയെന്നും അവർ പറഞ്ഞു.
ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്താൻ ഹസ്നൈനെ സഹായിക്കാൻ ബൗളിങ് കൺസൾട്ടന്റിനെ നിയമിക്കുമെന്നും ആക്ഷൻ ശരിയാകുന്നത് വരെ പാകിസ്ഥാൻ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ താരത്തിന് അനുമതി ഉണ്ടാവില്ലെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
Also Read: അണ്ടർ-19 ലോകകപ്പ്: കോവിഡിനോട് പോരാടി ഫൈനൽ വരെ; ഇന്ത്യൻ ടീമിന്റെ വിജയക്കുതിപ്പ്