സിംബാ‌ബ്‌വെയ്ക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പര പാക്കിസ്ഥാൻ സ്വന്തമാക്കി. 131 റൺസിനാണ് പരമ്പരയിലെ അവസാന മത്സരത്തിൽ പാക്കിസ്ഥാൻ വിജയം കൊയ്തത്. ജയമുറപ്പിച്ച അഞ്ചാം മത്സരത്തിന്റെ അവസാനത്തിൽ പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് ബോൾ ചെയ്യാനെത്തി. മുൻപൊരിക്കൽ ഇന്ത്യൻ മുൻ നായകൻ ചെയ്തത് പോലെ ഒന്ന്.

എന്നാൽ ക്യാപ്റ്റൻ കൂൾൾ ധോണി വിക്കറ്റ് വീഴ്ത്തിയാണ് തന്റെ ബോളിങിൽ വിജയം കണ്ടതെങ്കിൽ അത്തരത്തിലായിരുന്നില്ല സർഫ്രാസിന് ദുർബലരായ സിംബാബ്‌വെയിൽ നിന്ന് ലഭിച്ചത്. സിംബാബ്‌വെയുടെ താരം പീറ്റർ മൂർ ആണ് പാക് ക്യാപ്റ്റനെ സിക്‌സർ പറത്തിയത്.

മുൻപ് 2009 ലെ ഐസിസി ചാംപ്യൻസ് ട്രോഫി മത്സരത്തിലാണ് അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണി ബോൾ ചെയ്തത്. വിന്റീസിനെതിരെ നടന്ന മത്സരത്തിൽ ട്രവിസ് ഡൗളിന്റെ വിക്കറ്റും ധോണി വീഴ്ത്തി.

സിംബാബ്‌വെയ്ക്ക് എതിരായ മത്സരത്തിൽ രണ്ട് ഓവറാണ് സർഫ്രാസ് എറിഞ്ഞത്. ആദ്യത്തെ ഓവറിൽ വെറും ആറ് റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. എന്നാൽ രണ്ടാം ഓവറിൽ പീറ്റർ തകർപ്പൻ ഷോട്ടിലൂടെ സിക്സ് നേടിയത് പാക് ക്യാപ്റ്റന് നാണക്കേടായി. പിന്നീടദ്ദേഹം ബോൾ ചെയ്തതുമില്ല.

സെപ്തംബറിൽ അബുദാബിയിലും ദുബൈയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തിലേക്ക് വിലയേറിയ പാഠങ്ങൾ പഠിച്ചെന്നാണ് പിന്നീട് സർഫ്രാസ് മാധ്യമങ്ങളോട് പറഞ്ഞത്. ഏഷ്യാ കപ്പ് ടൂർണ്ണമെന്റിന് മുൻപ് വിശ്രമം ആവശ്യമാണെന്നും അതിനാൽ വീടുകളിലേക്ക് തിരികെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ