പാക്കിസ്ഥാന്റെ ഇടംകൈയ്യൻ പേസർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 27 കാരനായ മുഹമ്മദ് ആമിർ ഇന്നാണ് വിരമിക്കുന്നതായി അറിയിച്ചത്. അതേസമയം, ഏകദിന – ടി20 മത്സരങ്ങളിൽ ഇനിയും രാജ്യത്തിനായി കളിക്കുമെന്ന് ആമിർ വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് മുഹമ്മദ് ആമിർ. എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റാണ് താരം ലോകകപ്പിൽ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലും ശക്തമായ തിരിച്ചുവരവ് താരം നടത്തുന്നതിനായി ആരാധകർ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

“പാക്കിസ്ഥാനുവേണ്ടി കളിക്കുക എന്നത് തന്നെയാണ് എന്റെ ആഗ്രഹവും ലക്ഷ്യവും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ഉൾപ്പടെയുള്ള ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ആലോചന കുറച്ചുനാളുകളായി മനസിലുണ്ടായിരുന്നു. ആ തീരുമാനം പക്ഷെ അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ ആ തീരുമാനം എടുക്കുകയാണ്” മുഹമ്മദ് ആമിർ പറഞ്ഞു.

പാക്കിസ്ഥാന് വേണ്ടി 36 ടെസ്റ്റുകൾ കളിച്ച താരം 119 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 2009ല്‍ ശ്രീലങ്കക്കെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ മുഹമ്മദ് ആമിറിന്റെ അരങ്ങേറ്റം. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 44 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴത്തിയതാണ് മികച്ച പ്രകടനം. 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തത്സമയ ഒത്തുകളിയില്‍ പങ്കാളിയായതിനെത്തുടര്‍ന്ന് ആമിറിനെ അഞ്ച് വര്‍ഷത്തേക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിലക്കിയിരുന്നു. പിന്നീട് 2016ലാണ് ആമിര്‍ പാക് ടീമില്‍ തിരിച്ചെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook