ലോകകപ്പ് ടീമിൽ ഉൾപ്പെട്ടതിന്റെ സന്തോഷത്തിലാണ് പാക്കിസ്ഥാൻ ഓപ്പണർ ആബിദ് അലി. ആബിദിന്റെ കന്നി ലോകകപ്പാണിത്. കഴിഞ്ഞ മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ആബിദ് രാജ്യാന്തര ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ചുറി നേടി പാക് ഏകദിന ടീമിൽ ഇടം ഉറപ്പിച്ചു. ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറെയാണ് ആബിദ് പിന്തുടരുന്നത്. സച്ചിനെ നേരിട്ട് കണ്ട് അദ്ദേഹത്തിൽനിന്നും ബാറ്റിങ്ങിൽ ഉപദേശം നേടുകയാണ് 31 കാരനായ ആബിദിന്റെ വലിയ ആഗ്രഹം.

”എന്റെ വലിയ ആഗ്രഹമാണ് സച്ചിനെ നേരിൽ കാണുക, അതിനു കഴിയുമെന്നാണ് പ്രതീക്ഷ,” ആബിദ് പറഞ്ഞു. ”സച്ചിനെ നേരിൽ കണ്ടാൽ ഉറപ്പായും അദ്ദേഹത്തെ കെട്ടിപ്പിടിക്കും. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ അദ്ദേഹം പോസിറ്റീവായ മറുപടി നൽകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. സച്ചിനെ നേരിൽ കാണാൻ കഴിഞ്ഞാൽ ആ ദിനം ഞാനെന്നും ഓർക്കും. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര ദിവസമായിരിക്കും അത്. കാരണം അദ്ദേഹം മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ്,” ആബിദ് പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് താരം വിവ് റിച്ചാർഡ്സും മികച്ച കളിക്കാരനാണ്. അദ്ദേഹം ഉൾപ്പെടെയുളള മികച്ച കളിക്കാരെയെല്ലാം നേരിട്ട് കാണാനും അവരിൽനിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും ആബിദ് വ്യക്തമാക്കി.

Read: ലോകകപ്പിൽ എതിർ ടീമിന് ഭീഷണി ഉയർത്തുന്ന ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി സച്ചിൻ

”എന്റെ കരിയറിൽ സച്ചിന്രെ ടെക്നിക് ഞാൻ ഫോളോ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ കളിക്കാനും ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്, ഞങ്ങളുടെ സ്വന്തം ഇൻസമാം ഉൾ ഹഖിനെയും മുഹമ്മദ് യൂസഫിനെയും പോലെ. ഞാനവരുടെ നല്ല വശങ്ങൾ സ്വീകരിക്കുകയും മോശമായത് കളയുകയും ചെയ്യും. സച്ചിനെ കാണാൻ കഴിഞ്ഞാൽ അദ്ദേഹത്തിൽനിന്നും മാനസികമായും ടെക്നിക്കലായും ഉപദേശങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. ഇതെന്റെ ബാറ്റിങ് കുറച്ചുകൂടി മെച്ചപ്പെടുത്താൻ സഹായിക്കും,” ആബിദ് അലി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook