പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് സ്വന്തം മണ്ണിലേക്ക് തിരികെ വന്നപ്പോള്‍ വിജയം ആഘോഷിച്ച് പാക്കിസ്ഥാന്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 67 റണ്‍സിനായിരുന്നു പാക് വിജയം. ബാബര്‍ അസമിന്റെ ഉശിരന്‍ സെഞ്ചുറിയാണ് പാക്കിസ്ഥാന്റെ വിജയത്തിന് പിന്നിലെ കരുത്തായി മാറിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണെടുത്തത്. ബാബര്‍ അസം 105 പന്തുകളില്‍ നിന്നും 115 റണ്‍സ് നേടി. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം അതിവേഗം 1000 റണ്‍സ് നേടുന്ന പാക് താരവുമായി മാറി ബാബര്‍. 19 മത്സരങ്ങള്‍ മാത്രം കളിച്ചാണ് ബാബര്‍ 1000 ഏകദിന റണ്‍സ് നേടിയത്.

പാക്കിസ്ഥാന് മറുപടി പറയാനിറങ്ങിയ ശ്രീലങ്കയ്ക്ക് 46.5 ഓവറില്‍ 238 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 96 റണ്‍സെടുത്ത് പുറത്തായ ഷെഹാന്‍ ജയസൂര്യയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ദസുന്‍ ഷനാക്ക 68 റണ്‍സ് നേടി. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പക്ഷെ തൊട്ടടുത്ത ഓവറുകളില്‍ രണ്ടു പേരും പുറത്തായി.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയുടെ പ്രമുഖ താരങ്ങളെല്ലാം പരമ്പരയില്‍ നിന്നും വിട്ടു നിന്നിരുന്നു. പേസര്‍ ഉസ്മാന്‍ ഷിന്‍വാരിയുടെ ബോളിങ് മികവില്‍ ശ്രീലങ്ക തുടക്കത്തിലേ തകര്‍ന്നു. 28-5 എന്ന നിലയില്‍ നിന്നും ജയസൂര്യയും ഷനാക്കയും ചേര്‍ന്ന് ടീമിനെ കൈ പിടിച്ചുയര്‍ത്തുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഷിന്‍വാരി പാക്കിസ്ഥാനായി നേടിയത്.

അതേസമയം സ്റ്റേഡിയത്തിലെ ലൈറ്റുകള്‍ കളിക്കിടെ ഓഫായി പോയതിനെ തുടര്‍ന്ന് അരമണിക്കൂറോളാണ് കളി തടസപ്പെട്ടത്. 2009 ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ ലാഹോറില്‍ ആക്രമണമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഒരു ടീം പാക്കിസ്ഥാനില്‍ പരമ്പരകള്‍ക്കായി എത്തുന്നത്. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും അരങ്ങേറും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook