ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേക്കാൾ മികച്ച താരങ്ങൾ പാക്കിസ്ഥാനിലുണ്ടെന്ന് മുൻ പാക് ഓൾറൗണ്ടർ കൂടിയായ അബ്ദുൾ റസാഖ്. കോഹ്ലിക്ക് ബിസിസിഐയുടെ പിന്തുണ ലഭിക്കുന്നതാണ് മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ക്യാപ്റ്റനെ പ്രചോദിപ്പിക്കുന്നതെന്നാണ് അബ്ദുൾ റസാഖിന്റെ വാദം. പാക്കിസ്ഥാനിലെ കളിക്കാർക്ക് കോഹ്ലിക്ക് ബോർഡിൽ നിന്ന് ലഭിക്കുന്ന പോലത്തെ പിന്തുണ ലഭിക്കാൻ തുടങ്ങിയാൽ, അദ്ദേഹത്തെക്കാൾ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ പാകിസ്ഥാന് കഴിയുമെന്നും റസാഖ്.
“വിരാട് കോഹ്ലി ഒരു മികച്ച കളിക്കാരനാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ബിസിസിഐ അദ്ദേഹത്തെ നന്നായി പിന്തുണയ്ക്കുകയും ഏതൊരു കളിക്കാരനും വിജയിക്കേണ്ടതുണ്ടെന്ന ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതിനാൽ അദ്ദേഹം ഭാഗ്യവാനാണ്. ബിസിസിഐയിൽ നിന്ന് ലഭിക്കുന്ന ആദരവാണ് എല്ലായ്പ്പോഴും കോഹ്ലിയെ തിളങ്ങാൻ സാധിക്കുന്നത്,” അബ്ദുൾ റസാഖ് പറഞ്ഞു.
വിരാട് കോഹ്ലിയേക്കാൾ മികച്ചവരാകാൻ സാധിക്കുന്ന താരങ്ങൾ പാകിസ്ഥാനിലുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, പക്ഷേ അവരെ അവഗണിക്കുന്നതാണ് പ്രശ്നമെന്നും റസാഖ്. കോഹ്ലിയുടെ കാര്യത്തിൽ, ബോർഡ് തന്നിൽ കാണിച്ച ആത്മവിശ്വാസം അദ്ദേഹം എടുക്കുകയും അദ്ദേഹത്തിന്റെ കഴിവുകൾ ഉപയോഗിക്കുകയും ചെയ്തു. ആ പ്രകടനങ്ങൾക്ക് ബോർഡ് കൃത്യമായി പ്രതിഫലം നൽകുകയും ചെയ്തുവെന്നും റസാഖ് പറഞ്ഞു.
ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ബേബി ബോളർ (കുട്ടി ബോളർ) എന്ന് വിളിച്ചും വിവാദങ്ങളിൽപ്പെട്ടയാളാണ് അബ്ദുൾ റസാഖ്. തന്റെ കാലത്ത് നിരവധി ലോകോത്തര താരങ്ങളെ നേരിട്ടുണെന്നും അതുകൊണ്ട് തന്റെ മുന്നിൽ ബുംറ ഒരു കുട്ടി ബോളറാണെന്നുമായിരുന്നു അബ്ദുൾ റസാഖിന്റെ പ്രസ്താവന. ബുംറയ്ക്കെതിരെ തനിക്ക് അനായാസം റൺസ് കണ്ടെത്താനാകുമെന്നും റസാഖ് കൂട്ടിച്ചേർത്തിരുന്നു.