ഐസിസി വനിതാ ലോകകപ്പ് മൽസരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ കളി പാക്കിസ്ഥാനെതിരെയായിരുന്നു. മൽസരത്തിൽ ഇന്ത്യ 95 റൺസിന് പാക്കിസ്ഥാനെ തോൽപ്പിക്കുകയും ചെയ്തു. ഇന്ത്യ-പാക്ക് മൽസരത്തെക്കാളും ഒരു ക്രിക്കറ്റ് താരമാകാൻ തനിക്ക് പ്രചോദനമായി മാറിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തക്കുറിച്ച് പാക്ക് താരം എഴുതിയ ഓർമക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചയായിരിക്കുന്നത്.

പാക്ക് ഫാസ്റ്റ് ബോളറായ കൈനത് ഇംതിയാസ് ആണ് ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കാൻ തനിക്ക് പ്രചോദനമേകിയ ഇന്ത്യൻ താരത്തക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതിയത്. ”2005 ൽ ആദ്യമായി ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ നടക്കുന്ന സമയത്താണ് ഞാൻ ജുലൻ ഗോസ്വാമിയെ കാണുന്നത്. അന്ന് ടൂർണമെന്റിൽ ഞാൻ ബോൾ പിക്കറായിരുന്നു. ഇന്ത്യയുടെ ഫാസ്റ്റ് ബോളറായിരുന്നു ഗോസ്വാമി. ആ സമയത്ത് ഗോസ്വാമിയെ കണ്ടപ്പോഴാണ് ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കാൻ ഞാൻ തീരുമാനിച്ചത്. പ്രത്യേകിച്ച് ഫാസ്റ്റ് ബോളിങ്. ഇന്ന് 12 വർഷങ്ങൾക്കിപ്പുറം എനിക്ക് പ്രചോദനമായ വ്യക്തിക്കൊപ്പം ഏകദിന മൽസരം കളിക്കുമ്പോൾ എനിക്കത് അഭിമാനകരമായ നിമിഷമാണ്. അതെനിക്ക് കൂടുതൽ പ്രചോദനവും നൽകുന്നു”. ഗോസ്വാമിക്കൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് കൈനത് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് എഴുതിയിരിക്കുന്നത്.

ക്രിക്കറ്റിലെ പുതുമുഖമാണ് കൈനത്. 25 കാരിയായ കൈനത് പാക്കിസ്ഥാനുവേണ്ടി ഇതുവരെ 6 ഏകദിന മൽസരങ്ങളും ഒരു ടി20 മൽസരവുമാണ് കളിച്ചിട്ടുളളത്. എന്നാൽ ഇന്ത്യയ്ക്കായി 158 ഏകദിന മൽസരങ്ങൾ കളിച്ചിട്ടുളള താരമാണ് ഗോസ്വാമി. 186 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ