ജമൈക്ക: കരീബിയൻ മണ്ണിൽ ആദ്യ പരമ്പര നേട്ടം രാജ്യത്തിന് സമ്മാനിച്ച് ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ മിസ്ബ ഉൾഹഖും യൂനിസ് ഖാനും പാഡഴിച്ചു. 3 മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റൻഡീസിനെ 101 റൺസിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ 2-1ന് പരമ്പര സ്വന്തമാക്കിയത്. വെസ്റ്റൻഡീസ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇരു താരങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിജയത്തിന് ശേഷം ഇരു താരങ്ങളെയും ചുമലിലേറ്റി പാക്കിസ്ഥാൻ താരങ്ങൾ മൈതാനം ചുറ്റി.

പാക്കിസ്ഥാന്രെ ക്രിക്കറ്റ് ചരിത്രത്തിൽ ഇതിഹാസങ്ങളുടെ നിരയിലായിരിക്കും യൂനിസ് ഖാന്റെ സ്ഥാനം. പേരുകേട്ട ബോളർമാരെ അനായാസം നേരിടുന്ന യൂനിസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിലാണ് തന്രെ പ്രതിഭ തെളിയിച്ചത്. 17 വർഷം നീണ്ടു നിന്ന ക്രിക്കറ്റ് ജീവിതത്തിനാണ് 39 വയസ്സുകാരനായ യൂനിസ് ഖാൻ അവസാനം കുറിക്കുന്നത്. ഇൻസമാം ഉൾഹഖും, യൂസഫ് യൊഹാനയും, സയീദ് അൻവറുമൊക്കെ പാക്ക് ക്രിക്കറ്റിനെ അടക്കിവാഴുമ്പോഴാണ് യൂനിസ് ഖാൻ ദേശീയ ടീമിൽ എത്തുന്നത്. 2000ൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിലായിരുന്നു യൂനിസ് ഖാന്റെ അരങ്ങേറ്റം. ആ വർഷം തന്നെ പാക്കിസ്ഥാന്റെ ടെസ്റ്റ് കുപ്പായത്തിലും യൂനിസ് ഖാൻ അരങ്ങേറി. ലങ്കയ്ക്ക് എതിരെ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയായിരുന്നു യൂനിസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം. 107 റൺസായിരുന്നു യൂനിസ് ഖാൻ അന്ന് നേടിയത്.

പ്രതിസന്ധികളിൽ പാക്ക് ടീമിനെ കരകയറ്റാൻ എന്നും യൂനിസ് ഖാൻ ഉണ്ടായിരുന്നു. ഇന്ത്യക്ക് രാഹുൽ ദ്രാവിഡ് ആരായിരുന്നുവോ അതേ സ്ഥാനം തന്നെയാണ് യൂനിസ് ഖാന് പാക്ക് ടീമിലും ഉണ്ടായിരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 115 മത്സരങ്ങളിൽ​ നിന്ന് 53 റൺസ് ശരാശരിയിൽ 9,977 റൺസാണ് യൂനിസ് ഖാൻ നേടിയത്. ഏകദിനത്തിൽ 265 മത്സരങ്ങൾ കളിച്ച യൂനിസ് ഖാൻ 7,249 റൺസാണ് നേടിയത്. ട്വന്റി-20യിലും യൂനിസ് ഖാൻ തന്രെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 25 മത്സരങ്ങൾ കളിച്ച യൂനിസ് ഖാൻ ഇംഗ്ലീഷ് മണ്ണിൽ ലോകകപ്പ് നേടിയ ടീമിലെ അംഗവുമാണ്.

24 വയസ്സിൽ ക്രിക്കറ്റിലേക്ക് എത്തിയ മിസ്ബ ഉൾ ഹഖ് 2007ലെ ട്വന്റി-20 ലോകകപ്പിലൂടെയാണ് ശ്രദ്ധേയനായത്. ഫൈനലിൽ ഇന്ത്യക്ക് എതിരെ തോറ്റെങ്കിലും മിസ്ബ ഉൾഹഖിന്റെ പ്രകടനത്തെ ആരും മറക്കില്ല. പിന്നീട് ഇങ്ങോട്ട് പാക്ക് ക്രിക്കറ്റിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മിസ്ബ ഉൾ ഹഖ്. ക്രിക്കറ്റിലെ എല്ലാ ഫോമാറ്റിലും കളിക്കാൻ പറ്റുന്ന താരമെന്ന് മിസ്ബ തെളിയിച്ചതാണ്. ക്ലിൻ ഹിറ്റർ എന്ന ഇരട്ടപ്പേരിലാണ് മിസ്ബ അറിയപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ