ക്രിക്കറ്റിനെ സ്വജീവനോളം സ്‌നേഹിക്കുന്നവരാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആരാധകർ. സ്വന്തം ടീമിന് വേണ്ടി ഗ്യാലറിയില്‍ തൊണ്ട പൊട്ടുമാറ് ആരവം മുഴക്കാനും എതിര്‍ ടീം ആരാധകരുമായി നേര്‍ക്കുനേര്‍ പോരാടാനുമെല്ലാം അവര്‍ തയ്യാറാണ്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ അവസരം പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല.
സ്വന്തം ടീം അന്യനാട്ടില്‍ കളിക്കേണ്ടി വരുന്നത് കാണേണ്ടി വരുന്ന ഗതികേടില്‍ നിന്നും പാക്കിസ്ഥാന്‍ പതിയെ പുറത്ത് കടക്കുകയാണ്. ടീമുകളെ പാക്കിസ്ഥാനിലോട്ട് ക്ഷണിച്ചു കൊണ്ട് അതിനുള്ള ശ്രം പാക് ക്രിക്കറ്റ് ബോര്‍ഡും നടത്തുന്നുണ്ട്. അത്തരത്തിലൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാണ് പാക്കിസ്ഥാന് വിന്‍ഡീസുമായുള്ള ട്വന്റി-20 പരമ്പര.
സിംബാബ്‌വെയ്‌ക്കെതിരേയും ലോക ഇലവനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും കളിച്ചത് ലാഹോറിലായിരുന്നുവെങ്കില്‍ വിന്‍ഡീസിനെ നേരിടുന്നത് കറാച്ചിയിലാണ്. രാജ്യത്തെ എല്ലാ ഗ്രൗണ്ടും ക്രിക്കറ്റ് കളിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പാക്കിസ്ഥാന്റെ ഈ ശ്രമങ്ങള്‍ക്ക് പിന്തുണയുമായെത്തിയ വിന്‍ഡീസ് തങ്ങളുടെ രണ്ടാം നിരയെയാണ് പര്യടനത്തിന് അയച്ചത്. ക്രിക്കറ്റ് പാക് മണ്ണിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
തങ്ങളുടെ ടീമിന്റെ കളി കാണാന്‍ പാക് ആരാധകര്‍ ഗ്യാലറിയിലേക്ക് ഒഴുകുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ക്രിക്കറ്റിന്റെ സ്‌പിരിറ്റ് വിളിച്ചോതുന്നതും പാക് ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് തെളിയിക്കുന്നതുമായിരുന്നു. കഴിഞ്ഞ ദിവസം കളിക്ക് മുമ്പ് പാക്കിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കുന്നതിടെ പാതി വഴിയ്ക്ക് സൗണ്ട് സിസ്റ്റം തകരാറാവുകയും സ്‌പീക്കറുകള്‍ ഓഫ് ആവുകയും ചെയ്തു.
എന്നാല്‍ തങ്ങളുടെ ടീമിനെ അപമാനിതരാക്കാന്‍ ഗ്യാലറിയിലുണ്ടായിരുന്ന 25000 ല്‍ പരം കാണികള്‍ സമ്മതിച്ചില്ല. അവര്‍ ഒരേ താളത്തില്‍ ഉച്ചത്തില്‍ ദേശീയ ഗാനം ആലപിച്ചു. താരങ്ങള്‍ക്ക് അഭിമാനവും ആത്മവിശ്വാസവും പകരുന്നതായിരുന്നു ആ നിമിഷം. ദേശീയ ഗാനത്തിന് ശേഷം ആരാധകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് ടീം കളിക്കാന്‍ ഇറങ്ങിയത്. അതേസമയം, മൂന്ന് മൽസരങ്ങളുടെ പരമ്പരയിലെ രണ്ട് കളിയും ജയിച്ച് പാക്കിസ്ഥാന്‍ വിജയം ഉറപ്പിച്ചു.