ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആർമി ക്യാപ്പണിഞ്ഞ് കളിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ പാക്കിസ്ഥാന് രംഗത്ത്. ക്രിക്കറ്റിനെ രാഷ്ട്രീവത്കരിക്കുകയാണ് കോഹ്ലിയുടെ ടീമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘തങ്ങളുടെ തൊപ്പിക്ക് പകരം സൈന്യത്തിന്റെ തൊപ്പി ധരിച്ച് ഇന്ത്യന്‍ ടീം കളിക്കുന്നത് എല്ലാവരും കണ്ടതാണ്. ഐസിസി അത് കണ്ടില്ലെ? പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ അത് കാണേണ്ടത് ഐസിസിയുടെ ഉത്തരവാദിത്തമാണ്,’ ഖുറേഷി പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ആർമി ക്യാപ് ധരിച്ച് കളിച്ചത്. മത്സരം ഇന്ത്യ 32 റണ്‍സിന് തോല്‍ക്കുയും ചെയ്തിരുന്നു. മുൻ നായകനും ടീമിലെ സീനിയർ താരവുമായ എം.എസ്.ധോണിയാണ് ടീം അംഗങ്ങൾക്ക് സ്പെഷ്യൽ ക്യാപ് സമ്മാനിച്ചത്.
ടോസിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി എത്തിയതും സ്പെഷ്യൽ ക്യാപ്പണിഞ്ഞായിരുന്നു. ടോസ് ഇട്ടതിനു ശേഷം എന്തുകൊണ്ടാണ് ഈ ക്യാപ് എന്ന മുരളി കാർത്തിക്കിന്റെ ചോദ്യത്തിന് ഇന്ത്യൻ നായകന്റെ മറുപടി ഇങ്ങനെ “ഇതൊരു സ്പെഷ്യൽ ക്യാപാണ്. ഇന്ത്യൻ സുരക്ഷാ സേനയ്ക്കുള്ള ആദരമാണിത്”
#TeamIndia will be sporting camouflage caps today as mark of tribute to the loss of lives in Pulwama terror attack and the armed forces
And to encourage countrymen to donate to the National Defence Fund for taking care of the education of the dependents of the martyrs #JaiHind pic.twitter.com/fvFxHG20vi
— BCCI (@BCCI) March 8, 2019
അവിടെ കൊണ്ടും അവസാനിക്കുന്നില്ല. ഇന്ത്യൻ ടീം അംഗങ്ങളെല്ലാവരും അവരുടെ റാഞ്ചി ഏകദിനത്തിലെ മാച്ച് ഫീയായി ലഭിക്കുന്ന തുക ധീരജവാന്മാരുടെ കുടുംബത്തിന് നൽകുമെന്നും കോഹ്ലി വ്യക്തമാക്കി. ഇത്തരത്തിൽ ചെറിയ സംഭവനകൾ ഓരോരുത്തരും നാഷണൽ ഡിഫൻസ് ഫണ്ടിലേയ്ക്ക് നൽകണമെന്നും കോഹ്ലി ആഹ്വാനം ചെയ്തു.
To pay homage to the martyrs of Pulwama Terror Attack, the players will donate today's match fee to the National Defence Fund #JaiHind pic.twitter.com/vM9U16M8DQ
— BCCI (@BCCI) March 8, 2019
നേരത്തെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ – ഓസ്ട്രേലിയ മത്സരം ആരംഭിക്കുന്നതിന് മുമ്പും കളിക്കാർ വീര സൈനികരുടെ സ്മരണയ്ക്ക് മുന്നിൽ ആദരമർപ്പിച്ചിരുന്നു. ദേശീയ ഗാനത്തിന് ശേഷം മിനിറ്റുകളോളം സൈനികരെ ആദരിച്ച് സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്നു. മത്സരത്തിൽ കറുത്ത ആം പാഡും അണിഞ്ഞാണ് താരങ്ങൾ ഇറങ്ങിയതും.
ഫെബ്രുവരി 14ന് ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം. ഒരു മലയാളി ഉൾപ്പടെ 40 സിആർപിഎഫ് ജവാന്മാർക്കാണ് അന്ന് ജീവൻ നഷ്ടമായത്. വയനാട് സ്വദേശി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി സൈനികൻ. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.