കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. മുൻ നായകനും ഓൾറൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
“വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
I’ve been feeling unwell since Thursday; my body had been aching badly. I’ve been tested and unfortunately I’m covid positive. Need prayers for a speedy recovery, InshaAllah #COVID19 #pandemic #hopenotout #staysafe #stayhome
— Shahid Afridi (@SAfridiOfficial) June 13, 2020
നേരത്തെ പാക്കിസ്ഥാന്റെ മുൻ ഓപ്പണർ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സഫർ സർഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 24നാണ് തൗഫീഖിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലിരിക്കെ സഫർ സർഫ്രാസ് മരണപ്പെടുകയും ചെയ്തിരുന്നു.
Also Read: എംഎസ് ധോണി, ആദം ഗിൽക്രിസ്റ്റ്; വിക്കറ്റ്കീപ്പർമാരുടെ റോൾ മാറ്റിമറിച്ച താരങ്ങളെന്ന് സഞ്ജു
നായകന്റെ റോളിലും ഓൾറൗണ്ടറായും പാക്കിസ്ഥാൻ ക്രിക്കറ്റിലെ മിന്നും താരമായിരുന്നു അഫ്രീദി. 37 പന്തുകളിൽ ഏകദിനത്തിൽ സെഞ്ചുറി തികച്ച താരത്തിന്റെ പേരിലായിരുന്നു ഏകദിനത്തിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡ്. പിന്നീട് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ് ആ റെക്കോർഡ് തിരുത്തിയെങ്കിലും സിക്സറുകളുടെ എണ്ണത്തിലുൾപ്പടെ ഇപ്പോഴും ഒരുപിടി റെക്കോർഡുകൾ അഫ്രീദിയുടെ അക്കൗണ്ടിലുണ്ട്.
1996ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1716 റൺസും 48 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. നിശ്ചിത ഓവർ ക്രിക്കറ്റിലാണ് താരം പലപ്പോഴും തന്റെ കഴിവ് തെളിയിച്ചത്. 398 ഏകദിന മത്സരങ്ങളിലും 99 ടി20 മത്സരങ്ങളിലും പാക് കുപ്പായത്തിൽ കളിച്ച താരം യഥാക്രമം 8064ഉം 1416 റൺസും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 395 വിക്കറ്റും ടി20യിൽ 98 വിക്കറ്റും സ്വന്തമാക്കിയ താരമാണ് അഫ്രീദി.
Also Read: റൊണാൾഡോ പെനാൽറ്റി നഷ്‌ടപ്പെടുത്തി; എവേ ഗോൾ ആനുകൂല്യത്തിൽ യുവന്റസ് ഫെെനലിൽ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ താരം അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പാക്കിസ്ഥാൻ അധിനിവേശ കശ്മീർ സന്ദർശന വേളയിലാണ് അഫ്രീദി പ്രധാനമന്ത്രി മോദിയെ കൊറോണ വൈറസുമായി താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും അടക്കമുള്ള താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, പാക്കിസ്ഥാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും അഫ്രീദി സജീവമായിരുന്നു. തന്റെ പേരിലുള്ള ട്രസ്റ്റിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹം സഹായമെത്തിച്ച് നൽകിയിരുന്നു.