ന്യൂഡല്‍ഹി:പാക്കിസ്ഥാനുമായുളള ക്രിക്കറ്റ് പരമ്പര കളിക്കാതെ പിന്മാറിയതിനെ തുടര്‍ന്ന് ബിസിസിഐയ്ക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമ നടപടിയിലേക്ക് നീങ്ങുന്നതായി കായിക ഗവേണിംഗ് ബോഡി സ്ഥിരീകരിച്ചു. പരമ്പര കളിക്കാതെ പിന്മാറിയതിന് 70 മില്യണ്‍ ഡോളറാണ് (ഏകദേശം 452 കോടി രൂപ) പാക്കിസ്ഥാന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

2015 നും 2023 നും ഇടയിൽ ആറ് പരമ്പരകൾ കളിക്കാൻ നേരത്തേ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാൽ 2015 ൽ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറി. ഇതേ തുടർന്നാണ്നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് നോട്ടീസ് അയച്ചത്.

ഇത് കൈപ്പറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഇത് അടുത്തയാഴ്ച്ച തര്‍ക്ക പരിഹാര കമ്മിറ്റിയുടെ ചെയര്‍മാന് കൈമാറുമെന്നും ഐസിസി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കാന്‍ സ്വതന്ത്ര്യ ന്യായാധിപരെ ഐസിസി ചുമതലപ്പെടുത്തും. പിസിബി അയച്ച നോട്ടീസ് ‘വെറുമൊരു കടലാസ് കഷണം’ എന്ന് പറഞ്ഞാണ് ബിസിസിഐ അവഗണിച്ചത്.

2013-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി ട്വന്റി മത്സര പരിമ്പരയ്ക്കും ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ട്വന്റി ട്വന്റി സീരീസ് സമനിലയിലായപ്പോൾ ഏകദിന പരമ്പര പാക്കിസ്ഥാൻ 2-1 ന് ജയിച്ചിരുന്നു.

ഐസിസിയുടെ പുതിയ ചാംപ്യൻസ് ട്രോഫി ടെസ്റ്റ് മത്സര നിബന്ധനകൾ പ്രകാരം എല്ലാ അംഗ രാജ്യങ്ങളും തങ്ങളുടെ മൈതാനത്തും മറ്റ് അംഗരാജ്യങ്ങളുമായും മത്സരം കളിച്ചിരിക്കണം. കളിക്കാൻ വിസമ്മതിക്കുന്ന രാജ്യത്തിന് പോയിന്റ് നഷ്ടപ്പെടും. ഈ നിബന്ധന പ്രകാരം ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഇരുരാജ്യങ്ങളും കളിച്ചിരിക്കണം. എന്നാല്‍ വരാന്‍ പോകുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുളള ഇന്ത്യയുടെ എതിരാളികളുടെ പട്ടികയില്‍ പാക്കിസ്ഥാനെ വെക്കാതെയാണ് ഇന്ത്യ പട്ടിക നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ