കഴിഞ്ഞ ദിവസത്തെ വെടിക്കെട്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മൊത്തം പ്രശംസയും നേടിയിരിക്കുകയാണ് ചെന്നൈ നായകന്‍ എം.എസ്.ധോണി. തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മടങ്ങി വന്നു കൊണ്ട് ചെന്നൈയെ അവസാന ഓവറില്‍ ജയിപ്പിക്കുകയായിരുന്നു ധോണി.

34 പന്തില്‍ നിന്നും ഏഴ് സിക്‌സിന്റെയടക്കം അകമ്പടിയോടെയായിരുന്നു ധോണി 70 റണ്‍സ് അടിച്ചെടുത്തത്. കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം അനായാസമാണ് ധോണി മറി കടന്നത്. ഇതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചു കൊണ്ട് ക്രിക്കറ്റ് ലോകത്തിന് അകത്തും പുറത്തുമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നു പോലും ധോണിയെ തേടി പ്രശംസ എത്തി.

പാക് അവതാരകയായ സൈനബ് അബ്ബാസായിരുന്നു ധോണിയുടെ പ്രകടനത്തെ അഭിനന്ദിച്ചത്. മൽസരം ധോണി ഫിനിഷ് ചെയ്തപ്പോഴായിരുന്നു സൈനബ് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. താനാണ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്ന് തെളിയിക്കാന്‍ ധോണിക്ക് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണെന്നായിരുന്നു സൈനബിന്റെ ട്വീറ്റ്.

എന്നാല്‍ ട്വീറ്റിന് പാക് ആരാധകരില്‍ നിന്നും ലഭിച്ചത് വിമര്‍ശനമായിരുന്നു. ഐപിഎല്ലില്‍ പാക്കിസ്ഥാന്‍ താരങ്ങളെ കളിപ്പിക്കുന്നില്ലെന്നും പാക്കിസ്ഥാനെ എല്ലാ മേഖലയിലും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ എന്നൊക്കെയായിരുന്നു പാക് ആരാധകരുടെ പ്രതികരണം. അവതാരകയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook