ദുബായ്: പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ അനായാസം ഇന്ത്യ വിജയം കണ്ടെത്തി. എന്നാല്‍ കളിക്കിടെ ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒരു പാക് ആരാധിക ഇന്ത്യക്കാരുടെ മനസ് കീഴടക്കിയിരുന്നു. മാച്ച് ജയിച്ചത് ഇന്ത്യയെങ്കില്‍ ഹൃദയം ജയിച്ചത് ഇവളാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

ആരാധികയുടെ സൗന്ദര്യത്തില്‍ മയങ്ങിയ ഇന്ത്യന്‍ ആരാധകര്‍ ഇന്ത്യ-പാക് മത്സരങ്ങള്‍ കൂടുതല്‍ നടത്തണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയാണ്. ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചു കൊണ്ടു നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ ജഴ്‌സിയണിഞ്ഞെത്തിയ ആരാധികയെ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണിച്ചത് ഇന്ത്യയുടെ സ്‌കോര്‍ 17 ല്‍ എത്തി നില്‍ക്കെയായിരുന്നു.

ഇന്നലത്തെ കളിയില്‍ പാക്കിസ്ഥാന്റെ പ്രകടനത്തേക്കാള്‍ മനസിലിടം നേടിയത് ഈ ആരാധികയാണെന്നാണ് സൈബര്‍ ലോകത്തെ ആരാധകര്‍ പറയുന്നത്.

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്.

രോഹിത് ശര്‍മ്മ 39 പന്തില്‍ 51 റണ്‍സെടുത്തു. 56 പന്ത് നേരിട്ട ശിഖര്‍ ധവാന്‍ 46 റണ്‍സുമായി മടങ്ങി. ദിനേഷ് കാര്‍ത്തിക്കും അമ്പാട്ടി റായിഡുവും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 31 റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മയെ ഷദാബും ധവാനെ ഫഹീം അഷ്‌റഫിന്റെ പന്തില്‍ ബാബര്‍ അസം ക്യാച്ചെടുത്തുമാണ് പുറത്താക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. നേരിട്ട ഏഴാം പന്തില്‍ രണ്ട് റണ്‍സുമായി ഇമാം ഉള്‍ ഹഖാണ് ആദ്യം ഭുവിക്ക് മുന്നില്‍ വീണത്. പിന്നാലെ 9 പന്ത് നേരിട്ട ഫഖര്‍ സമാന്‍ റണ്ണൊന്നുമെടുക്കാതെ ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷൊയ്ബ് മാലിക്കും ബാബര്‍ അസമും ചേര്‍ന്നുളള കൂട്ടുകെട്ട് പാക്കിസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമിന്റെ വിക്കറ്റ് വീഴ്ത്തി കേദാര്‍ ജാദവാണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

പിന്നീട് വന്ന സര്‍ഫ്രാസ് അഹമ്മദിനും ആസിഫ് അലിക്കും ഷദാബിനും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. വാലറ്റത്ത് ഫഹീം അഷ്‌റഫും (21), മുഹമ്മദ് ആമിറും (പുറത്താകാതെ 18) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, കേദാര്‍ ജാദവ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ