ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇന്നും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരും മാധ്യമങ്ങളും സാനിയയ്ക്ക് പിന്നാലെ പോകുന്നത് കാണാം. ഇവരുടെ പാതയിലൂടെ സഞ്ചരിക്കാനൊരുങ്ങുകയാണ് മറ്റൊരു പാക് താരം.
പാക്കിസ്ഥാന്‍ സ്പിന്നര്‍ ഹസന്‍ അലി ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ മേവാഡ് സ്വദേശിയായ ഷാമിയ എന്ന പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ വധുവാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസം 20 ന് ഇരുവരും വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുബൈയിലെ അറ്റ്‌ലാന്റിസ് പാം ഹോട്ടലിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
അതേസമയം, രണ്ട് കുടുംബങ്ങളും കാണാന്‍ പോകുന്നതേയുള്ളൂവെന്നും വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും ഹസന്‍ അലി പറഞ്ഞു. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ താരം ട്വിറ്ററിലൂടെ വ്യക്തത നല്‍കുകയായിരുന്നു. തീരുമാനത്തിലെത്തിയാല്‍ താന്‍ തന്നെ വിവരം അറിയിക്കുമെന്നും ഹസന്‍ അലി പറഞ്ഞു. ഷൊയ്ബ് മാലിക്കിന് പുറമെ പാക് താരങ്ങളായ സഹീര്‍ അബ്ബാസ്, മൊഹ്‌സിന്‍ ഹസന്‍ ഖാന്‍ എന്നിവരും ഇന്ത്യയില്‍ നിന്നുമാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്.
നേരത്തെ ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാരിയായിരുന്ന ഷാമിയ ഇപ്പോള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ഫ്‌ളൈറ്റ് എഞ്ചിനയറാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാമിയയുടെ പിതാവ് ലിഖാവത് അലിയും മറ്റു ബന്ധുക്കളും ഓഗസ്റ്റ് 17 ന് വിവാഹത്തിനായി യുഎഇയിലെത്തും. പാക്കിസ്ഥാനായി 53 എകദിനങ്ങള്‍ കളിച്ചിട്ടുള്ള ഹസന്‍ അലി 82 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
Read More Sports News Here