ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി എന്നും പാക്കിസ്ഥാനാണ്. ഇന്ത്യയിന്ന് പാക്കിസ്ഥാനേക്കാള്‍ ഒരുപാട് മുന്നിലാണെങ്കിലും ഇരുവരും നേര്‍ക്കുനേര്‍ വരുന്നത് ലോകകപ്പ് ഫൈനലിനേക്കാള്‍ വലിയ പോരാട്ടമാണ്. ഇന്ത്യ-പാക് മത്സരങ്ങളുടെ കാഴച്ചക്കാരുടെ എണ്ണം മാത്രം മതി അതിനുള്ള തെളിവായി. ക്രിക്കറ്റ് ലോകത്ത് ഇന്ത്യന്‍ താരങ്ങളായ എംഎസ് ധോണിയേയും രോഹിത് ശര്‍മ്മയേയും കോഹ്ലിയേയുമൊക്കെ വെല്ലാന്‍ പാകത്തിനുള്ള താരങ്ങള്‍ സമീപ കാലത്ത് പാകിസ്ഥാനില്‍ ഉണ്ടായിട്ടില്ല. പ്രതിഭയുള്ളവരുണ്ടെങ്കിലും അവരാരും കഴിവിനൊത്ത് ഉയരുകയോ സ്ഥിരതയോടെ കളിക്കുകയോ ചെയ്തിട്ടില്ല.

പക്ഷെ ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ റെക്കോര്‍ഡിന് വെല്ലുവിളി ഉയര്‍ത്തുക മാത്രമല്ല, ഇന്ത്യന്‍ താരങ്ങളെ മറി കടന്നിരിക്കുകയാണ് ഒരു പാക് താരം. പാക് വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക സന മിര്‍ ആണ് ഇന്ത്യന്‍ താരങ്ങളായ എംഎസ് ധോണി, രോഹിത് ശര്‍മ്മ എന്നിവരുടെ റെക്കോര്‍ഡ് മറി കടന്നത്. 100 ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഏഷ്യന്‍ വനിതയുമായാണ് സന മാറിയത്. ഇതോടെ സന പാക് ഇതിഹാസ താരം ഷൊയ്ബ് മാലിക്കിനൊപ്പമെത്തുകയും ചെയ്തു.

വിന്‍ഡീസിനെതിരായ മൂന്നാമത്തെ ട്വന്റി-20 മത്സരത്തോടെയാണ് സന ഈ നേട്ടത്തിലെത്തിയത്. 2009ലായിരുന്നു സനയുടെ ട്വന്റി-20 അരങ്ങേറ്റം. അയര്‍ലാന്റായിരുന്നു എതിരാളികള്‍. ഇത്രയും വര്‍ഷത്തിനിടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് സനയ്ക്ക് നഷ്ടമായത് എന്നതും ശ്രദ്ധേയമാണ്.

”പാക്കിസ്ഥാന് വേണ്ടിയുള്ള ഓരോ മത്സരവും മനോഹരമായ അവസരവും വലിയ ഉത്തരവാദിത്വവുമാണ്. ഇത്രയും നാള്‍ രാജ്യത്തിന് വേണ്ടി കളിക്കാനായി എന്നതില്‍ അഭിമാനിക്കുന്നു. രാജ്യത്തിനും ടീമിനുമായി എന്റെ ഏറ്റവും മികച്ചു തന്നെ നല്‍കാന്‍ ഇനിയും ശ്രമിക്കും” ചരിത്ര നേട്ടത്തിന് പിന്നാലെ സന പറഞ്ഞു.

നിലവില്‍ സന അടക്കം ആറ് താരങ്ങളാണ് 100 ട്വന്റി-20 മത്സരങ്ങള്‍ കളിച്ചത്. വിന്‍ഡീസ് താരം ഡീന്‍ഡ്ര ഡോട്ടിനാണ് ഒന്നാമത്. പട്ടികയിലുള്ള ഏക പുരുഷ താരം ഷൊയ്ബ് മാലിക്കാണ്. അദ്ദേഹം 109 മത്സരം കളിച്ചിട്ടുണ്ട്. ഡോട്ടിനും 109 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇന്ത്യന്‍ നായിക ഹര്‍മന്‍ പ്രീത് കൗറും ധോണിയും 93 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രോഹിത് 89 മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. 100 ാം മത്സരത്തില്‍ പാക്കിസ്ഥാനെ ജയിപ്പിക്കാനും സനയ്കക്കായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook