മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ മെന്റല്‍ കണ്ടീഷനല്‍ പരിശീലകനാണ് പാഡി അപ്ടണ്‍. തന്റെ പുസ്തകമായ ബെയര്‍ഫൂട്ടില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചും ഡ്രസ്സിങ് റൂമില്‍ താരങ്ങളുടെ പെരുമാറ്റം എങ്ങനെയാണെന്നുമൊക്കെ രസകരമായ വെളിപ്പെടുത്തലുകള്‍ അദ്ദേഹം പുസ്തകത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ കുറിച്ചുള്ള അപ്ടന്റെ വെളിപ്പെടുത്തലുകള്‍ വന്‍ വാര്‍ത്തയായിരുന്നു.

പുസ്തകത്തില്‍ നിന്നുമുള്ള രസകരമായൊരു മറ്റൊരു വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. മുന്‍ നായകന്‍ എംഎസ് ധോണിയെ കുറിച്ചാണ് അപ്ടന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ താരങ്ങളില്‍ കൃത്യനിഷ്ട വളര്‍ത്താന്‍ ധോണി പ്രയോഗിച്ച തന്ത്രമാണ് അപ്ടണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പമെത്തുമ്പോള്‍ ടെസ്റ്റ് ടീമിനെ അനില്‍ കുംബ്ലെയും ഏകദിന ടീമിനെ ധോണിയുമായിരുന്നു നയിച്ചിരുന്നത്. സ്വയം പരിശോധിച്ച് മുന്നോട്ട് പോകുന്നതായിരുന്നു ഞങ്ങളുടെ രീതി. ഒരു മീറ്റിങ്ങില്‍ താരങ്ങളോടായി എല്ലാവരും കൃത്യ സമയത്ത് തന്നെ പ്രാക്ടീസിന് എത്തേണ്ടതില്ലേ എന്ന് ചോദിച്ചു. അതെ എന്നായിരുന്നു എല്ലാവരുടേയും മറുപടി. അങ്ങനെയെങ്കിലും ആരെങ്കിലും സമയത്ത് എത്തിയില്ലെങ്കില്‍ അവര്‍ അതിന് പകരം എന്തെങ്കിലും നല്‍കേണ്ടതില്ലേ എന്നായി ചര്‍ച്ച. ഒടുവില്‍ അന്തിമ തീരുമാനം ക്യാപ്റ്റന്‍മാര്‍ക്ക് വിടുകയായിരുന്നു” അപ്ടണ്‍ പറയുന്നു.

പിന്നീടാണ് രസകരമായ സംഭവം നടക്കുന്നത്. രണ്ട് ക്യാപ്റ്റന്മാരും പിഴ ഈടാക്കണമെന്ന് അഭിപ്രായപ്പട്ടു. വൈകിയെത്തുന്ന താരത്തില്‍ നിന്നും 10000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു കുംബ്ലെയുടെ നിര്‍ദ്ദേശം. പക്ഷെ ധോണി തന്റെ സ്വതസിദ്ധമായ ശൈലി പിന്തുടര്‍ന്ന് വ്യത്യസ്തമായ ശിക്ഷയാണ് നിര്‍ദ്ദേശിച്ചത്.

”ടെസ്റ്റ് ടീമിലെ ആരെങ്കിലും വൈകി വന്നാല്‍ അവരില്‍ നിന്നും 10000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു കുംബ്ലെയുടെ നിര്‍ദ്ദേശം. പിന്നെ ഇതേ ചോദ്യം ധോണിയോടും ചോദിച്ചു. തെറ്റ് ചെയ്താല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞ ധോണി മുന്നോട്ട് വച്ച ശിക്ഷ പക്ഷെ വേറെയായിരുന്നു. ആരെങ്കിലും വൈകിയാല്‍ അയാള്‍ മാത്രമല്ല ടീമിലെ എല്ലാവരും 10000 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു ധോണി പറഞ്ഞത്. അതിന് ശേഷം ഏകദിന ടീമിലെ ആരും പിന്നെ വൈകി വന്നിട്ടില്ല” അപ്ടണ്‍ പറയുന്നു.

നേരത്തെ, ഗംഭീർ വളരെയധികം സുരക്ഷിതത്വമില്ലായ് അനുഭവിക്കുന്ന വ്യക്തിയാണെന്ന അപ്ടണിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. ഇതിനെതിരെ ഗംഭീർ രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം, തന്റെ മൂന്നാം അവസാന ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ധോണി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook