ന്യൂഡൽഹി: ക്രിക്കറ്റിൽ ഏറെയൊന്നും പ്രതീക്ഷിക്കാതെ കളിച്ച് തുടങ്ങിയതാണ് ബേസിൽ തമ്പി. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ഏറ്റവും മികച്ച ഭാവി താരത്തിനുളള അവാർഡ് നേടിയതോടെ താരത്തിന്റെ മൂല്യവും കുതിച്ചുയർന്നു. ഇത്തവണ ആദ്യ അഞ്ച് മൽസരത്തിലും അവസരം ലഭിച്ചില്ലെങ്കിലും കളിച്ച ആറാം മൽസരത്തിൽ തന്നെ പ്രതിഭയുടെ ശോഭ പ്രകാശിപ്പിച്ചു ഈ മലയാളി താരം.

എന്നാൽ താരതമ്യേന ജൂനിയർ താരമായ ബേസിൽ തമ്പിക്ക് തക്കസമയത്ത് പലയിടത്തും നിന്നും കൃത്യമായ ഉപദേശങ്ങൾ ലഭിച്ചിരുന്നു. അതിൽ പലതും പ്രതിസന്ധി ഘട്ടങ്ങളെ ധീരതയോടെ നേരിട്ട് ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യൻ സംഘത്തിൽ ഇടംപിടിക്കാൻ വരെ സഹായിച്ചു.

ഒരു അഭിമുഖത്തിൽ തന്റെ വളർച്ചയെ കുറിച്ച് പറഞ്ഞ താരം ഓരോ ഘട്ടത്തിലും തനിക്ക് മൂല്യമേറിയ ഉപദേശം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അതിൽ തന്നെ ഏത് സമയത്തും തനിക്ക് ഉപദേശം തേടി ചെല്ലാവുന്നത് മലയാളിയും മുൻ ഇന്ത്യൻ താരവുമായ എസ്.ശ്രീശാന്തിന്റെ അടുത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബേസിൽ.

“ശരിയാണ്, എനിക്കെപ്പോഴൊക്കെ സംശയങ്ങളുണ്ടാകുന്നോ, അപ്പോഴെല്ലാം ഞാൻ ശ്രീയേട്ടനെ വിളിക്കാറുണ്ട്. വിഷമ ഘട്ടങ്ങളിലെല്ലാം ഞാൻ അദ്ദേഹത്തിന് സന്ദേശമയക്കും. ഉടൻ തന്നെ അദ്ദേഹം മറുപടി നൽകും. പല സാഹചര്യങ്ങളിലും എന്താണ് ചെയ്യേണ്ടതെന്നോ, എങ്ങിനെ ചെയ്താൽ നന്നാകുമായിരുന്നുവെന്നോ അദ്ദേഹം പറയും. എന്നെ ഏറെ പ്രചോദിപ്പിക്കാറുണ്ട് അദ്ദേഹം,” ബേസിൽ തമ്പി പറഞ്ഞു.

ശ്രീശാന്തിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് നിന്ന് താഴെയിറക്കിയത് ഐപിഎല്ലാണ്. അതേ ഐപിഎൽ തന്നെ മറ്റൊരു മലയാളി പേസറുടെ വളർച്ചയ്ക്കും കാരണമാകുന്നു.

“ഇപ്പോൾ എല്ലാവർക്കും എന്നെ അറിയാം. ഐപിഎല്ലിന് ശേഷമാണ് ഇത് സംഭവിച്ചത്. എന്റെ ബോളിംഗിൽ എനിക്ക് ആത്മവിശ്വാസം വർദ്ധിച്ചു. 2017 ഐപിഎല്ലിന് ശേഷം എനിക്ക് ദിയോദാർ ട്രോഫി, ദുലീപ് ട്രോഫി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിദേശ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിലും, ഇന്ത്യയിലെത്തിയ ന്യൂസിലൻഡിനെതിരായ മൽസരത്തിനുളള ഇന്ത്യൻ എ സംഘത്തിലും ഇടം ലഭിച്ചു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയ്ക്കുളള ഇന്ത്യൻ ടീമിലും ഇടം ലഭിച്ചു. എം.എസ്‌.കെ.പ്രസാദ് ഈയിടയ്ക്ക് കഠിനമായ പരിശീലനം നടത്തണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു,” ബേസിൽ വ്യക്തമാക്കി.

ഭുവനേശ്വർ കുമാർ മുതൽ ജസ്പ്രീത് ബുമ്ര വരെയുളള ഇന്ത്യൻ പേസ് സംഘത്തിൽ ഇടം ലഭിക്കുക അത്ര എളുപ്പമല്ല. അതിനാൽ തന്നെ ബേസിൽ തമ്പിക്ക് കൂടുതൽ പരിശ്രമിച്ചേ മതിയാകൂ. സൺറൈസേഴ്സ് ഹൈദരാബാദിലും തമ്പി നേരിടുന്ന പ്രധാന വെല്ലുവിളി ഇത് തന്നെയാണ്. അവിടെ ഭുവനേശ്വർ കുമാറും, സന്ദീപ് ശർമ്മയും സിദ്ധാർത്ഥ് കൗളും ബേസിലിന് കൂട്ടുണ്ട്.

താൻ ആരോടും പോരടിക്കുകയല്ലെന്ന് പറഞ്ഞ ബേസിൽ തനിക്ക് കഴിഞ്ഞ തവണ വിക്കറ്റ് നേടിത്തന്നത് തുടർച്ചയായി യോർക്കറുകൾ എറിഞ്ഞതിനാലാണെന്ന് വ്യക്തമാക്കി. ഇത്തവണ കൃത്യമായ ലെങ്തിൽ വേഗത്തിൽ പന്തെറിയുന്ന താൻ ബോളിങ്ങിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ചെന്നൈയിൽ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ഗ്ലെൻ മക്ഗ്രാത്തിന്റെ ശിക്ഷണത്തിലായിരുന്നു ബേസിൽ ഐപിഎൽ 2018 ന് മുൻപുണ്ടായിരുന്നത്. സ്വിങ് ചെയ്തില്ലെങ്കിലും പന്തിന്റെ വേഗത കുറയ്ക്കാതെ എറിയണമെന്ന് മക്ഗ്രാത്ത് ഉപദേശിച്ചതായി താരം വ്യക്തമാക്കുന്നു.

സീനിയർ താരങ്ങളുടെ ഉപദേശം അനുസരിച്ച് ആത്മാർത്ഥമായി കളിച്ചപ്പോഴെല്ലാം മികച്ച റിസൾട്ടുണ്ടാക്കാൻ സാധിച്ചതായി താരം പറയുന്നു. അണ്ടർ 19 കാലത്ത് ദുബായിൽ ടെന്നിസ് ക്രിക്കറ്റ് കളിക്കാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞ താരം പിന്നീട് എറണാകുളത്തെ സ്വാന്റൺസ് ക്ലബ് സെക്രട്ടറി സി.എം.ദീപകിന്റെ ഉപദേശത്തെ തുടർന്ന് മൂന്ന് വർഷം കൂടി കേരളത്തിൽ തുടരുകയായിരുന്നുവെന്ന് പറഞ്ഞു. ഇതിന് ശേഷമാണ് ചെന്നൈയിൽ ടിനു യോഹന്നാന്റെ ശിക്ഷണത്തിലേക്ക് പോകാൻ ബേസിൽ തമ്പിക്ക് അവസരം ലഭിച്ചത്. അതാണ് താരത്തിന്റെ വളർച്ചയ്ക്ക് വളമായതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ