10 മാസങ്ങള്‍ക്ക് മുന്‍പ് ടോക്കിയോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞായിരുന്നു ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്ത്യയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയത്. പാവൊ നുര്‍മി ഗെയിംസില്‍ ഒരിക്കല്‍ കൂടി നീരജ് ജാവലിന്‍ എടുത്തപ്പോള്‍ തകര്‍ത്തത് സ്വന്തം പേരിലുള്ള ദേശിയ റെക്കോര്‍ഡായിരുന്നു. ടോക്കിയോയിലെ അതെ ആത്മവിശ്വാസമായിരുന്നു ത്രോയ്ക്ക് ശേഷം നീരജ് പ്രകടിപ്പിച്ചത്.
തനിക്കൊപ്പമുള്ള അന്താരാഷ്ട്ര താരങ്ങളേക്കാള്‍ നീണ്ട അവധിയെടുത്തതിന് ശേഷമാണ് കളത്തിലേക്ക് നീരജ് എത്തിയത്. 89.30 മീറ്ററെറിഞ്ഞ് മികച്ച പ്രകടനം കാഴ്ച വച്ചിട്ടും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു നീരജിന്. മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ച ഒലിവ്‍ ഹെലാന്‍ഡര്‍ക്കാണ് സ്വര്‍ണം. 89.93 മീറ്ററാണ് ഒലിവ് എറിഞ്ഞത്. ലോക ചാമ്പ്യനായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം.
86.92 മീറ്ററായിരുന്നു നീരജിന്റെ ആദ്യ ത്രൊ. രണ്ടാമത്തെ ത്രോയിലായിരുന്നു ദേശിയ റെക്കോര്‍ഡ് താരം തകര്‍ത്ത്. പിന്നീടുള്ള മൂന്ന് ത്രോകള്‍ ഫൗള്‍ ആവുകയും ചെയ്തു. അവസാന അവസരത്തില്‍ 85.85 മീറ്ററാണ് നീരജ് എറിഞ്ഞത്. അടുത്ത മാസം ലോക ചാമ്പ്യന്‍ഷിപ്പും പിന്നീട് കോമണ്‍വെല്‍ത്ത് ഗെയിംസും വരാനിരിക്കെ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രകടനമാണുണ്ടായിരിക്കുന്നത്.
86-87-88 മീറ്റർ എറിഞ്ഞുകൊണ്ട് സീസൺ ആരംഭിക്കാനാണ് തന്റെ പരിശീലകനായ ക്ലോസ് ബാർട്ടോണിയറ്റ്സ് പദ്ധതിയിട്ടിരുന്നതെന്ന് മത്സരത്തിന് മുമ്പ് ചോപ്ര പറഞ്ഞിരുന്നു. ലക്ഷ്യം തന്റെ നിലവിലെ ശാരീരികക്ഷമതയ്ക്ക് അനുയോജ്യമായിരുന്നെന്നും ചോപ്ര കൂട്ടിച്ചേർത്തു. 90 മീറ്ററിനടുത്ത് എത്തിയത് അത്‌ലറ്റിനും പരിശീലകനും സന്തോഷം നല്‍കുന്ന ഒന്നാണ്.
Also Read: ‘ആ ആറ് മാസത്തിനിടെ ഞാൻ എന്താണ് അനുഭവിച്ചതെന്ന് ആർക്കും അറിയില്ല’