റഫറിയുടെ മഞ്ഞക്കാര്‍ഡില്‍ ഒപ്പിട്ട് ആഴ്സണല്‍ താരം മൊസ്യൂട്ട് ഓസില്‍. കഴിഞ്ഞ ദിവസം പിഎസ്ജിയ്ക്കെതിരെ നടന്ന പ്രീ സീസണ് ഫ്രണ്ട്ലിയ്ക്ക് മുന്നോടിയായിരുന്നു സംഭവം. മത്സരത്തിന് മുന്നോടിയായി ടണലില്‍ വച്ച് റഫറി ഓസിലിന് അരികിലെത്തുകയും ഓട്ടോഗ്രാഫ് നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
ഫ്രണ്ട്ലി മാച്ച് ആയതിനാല്‍ റഫറിയുടെ നീക്കത്തിനെതിരെ നടപടിയുണ്ടാകില്ല. അതേസമയം, ഗോളടിച്ച് തിരിച്ചു വരവ് ആഘോഷമാക്കി മൊസ്യൂട്ട് ഓസില്‍. പിഎസ്ജിയ്ക്കെതിരായ നടന്ന സൗഹൃദ മത്സരത്തില്‍ ആഴ്സണല്‍ 5-1 ന് ജയിച്ചപ്പോള്‍ അതില്‍ ആദ്യ ഗോള്‍ ഓസിലിന്റെ വകയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു തനിക്കെതിരായ വംശീയ അധിക്ഷേപങ്ങളില്‍ മനം നൊന്ത് ഓസില്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിമരിച്ചത്. താരത്തിനെതിരെ ജര്‍മന്‍ ആരാധകരും മാധ്യമങ്ങളും കടുത്ത രീതിയിലുള്ള വംശീയ അധിക്ഷേപം നടത്തിയിരുന്നു. ഇതോടെ താരത്തിന്റെ ലോകകപ്പ് പ്രകടനങ്ങള്‍ പോലും മങ്ങിപ്പോയിരുന്നു. ലോകകപ്പിന് പിന്നാലെയാണ് തനിക്ക് മതിയായെന്ന് പറഞ്ഞു കൊണ്ട് ഓസില്‍ ജര്‍മ്മന്‍ കുപ്പായം അഴിച്ച് വച്ചത്.
എന്നാല്‍ ആഴ്സണലിന്റെ ജഴ്സിയില്‍ വളരെ റിലാക്സ്ഡ് ആയ ഓസിലിനെയാണ് കണ്ടത്. ക്യാപ്റ്റന്റെ റോളിലിറങ്ങിയ ഓസിലിന്റെ നേതൃത്വത്തില്‍ തുടക്കത്തിലേ ആഴ്സണല്‍ പിഎസ്ജിയ്ക്ക് മേല്‍ ആധിപത്യം നേടുകയായിരുന്നു. തങ്ങളുടെ രണ്ടാം നിര ടീമുമായാണ് പിഎസ്ജി മത്സരത്തിറങ്ങിയത്. ഇതിഹാസ ഗോളി ബഫണിനെ മറികടന്ന് 13-ാം മിനിറ്റില്‍ തന്നെ ഓസില്‍ ആഴ്സണലിനായി ഗോള്‍ കണ്ടെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് ആഴ്സണല്‍ കളിയുടലനീളം ആധിപത്യം നേടി.
തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്ദോഗാനുമൊത്ത് പടമെടുത്തതും അദ്ദേഹത്തിന് ജഴ്സി സമ്മാനിച്ചതുമാണ് വിവാദത്തിന് കാരണം. ഗോളടിക്കുമ്പോള്‍ മാത്രം താന്‍ ജര്‍മ്മന്‍ കാരനായ ഓസിലാണെന്നും അല്ലെങ്കില്‍ അഭയാര്‍ത്ഥിയായ ഓസിലാണെന്നുമായിരുന്നു വിരമിച്ചു കൊണ്ട് നടത്തിയ പ്രസ്താവനയില്‍ ഓസില്‍ പറഞ്ഞത്.
Did Özil just sign the referee's card? pic.twitter.com/4WuxaGgcZj
— Terje (@ArsenalTerje) July 28, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook