ന്യൂഡൽഹി: ലൈംഗികാരോപണത്തില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡല്‍ഹി ജന്ദര്‍ മന്തറില്‍ സമരത്തിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ നടത്തിയ വിമര്‍ശനത്തില്‍ പ്രതിഷേധം.
മുന്‍ അത്ലീറ്റ് കൂടിയായ ഉഷയുടെ പ്രതികരണത്തിന്റെ ഞെട്ടലിലാണ് സമരമുഖത്തുള്ള വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ തുടങ്ങിയ താരങ്ങള്‍. ഗുസ്തി താരങ്ങളുടെ സമരം അച്ചടക്കമില്ലായ്മയെ സൂചിപ്പിക്കുന്നതാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നതാണെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.
“പി ടി ഉഷ മാമില്‍ നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല. കായികതാരങ്ങള്‍ക്കൊപ്പം അവര്‍ നില്‍ക്കുമെന്നാണ് കരുതിയത്. അവരും ഒരു സ്ത്രീയാണ്. അവര്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നത് സ്വഭാവികമാണ്. പക്ഷെ അവരുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. അവരുടെ അക്കാദമിയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. അപ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമായില്ലെ. അക്കാദമിയുടെ കാര്യം അന്ന് ഞങ്ങളേയും വിഷമിപ്പിച്ചിരുന്നു. അവര്‍ അത്രയും വലിയ താരമാണ്. ഒരു രാജ്യസഭ എംപി കൂടിയാണ്. എന്നിട്ടും അവര്‍ക്ക് അത് സംഭവിച്ചു, ഞങ്ങള്‍ സാധാരണ അത്ലീറ്റുകളാണ്. ഞങ്ങള്‍ക്ക് എന്ത് സ്വാധീനമാണ് ഉള്ളത്, എന്ത് വേണമെങ്കിലും ഞങ്ങള്‍ക്ക് സംഭവിക്കാം, അവര്‍ അത് ഓര്‍ക്കണമായിരുന്നു,” ടോക്കിയോ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ബജ്റംഗ് പറഞ്ഞു.
“താരങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ അവര്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. വനിത അത്ലീറ്റുകള്‍ക്കെതിരെ സംസാരിക്കാന്‍ അവര്‍ക്ക് എന്ത് സമ്മര്‍ദ്ദമാണ് ഉണ്ടായതെന്ന് അവര്‍ക്ക് മാത്രമെ അറിയും,” ബജറംഗ് കൂട്ടിച്ചേര്‍ത്തു.
ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് കൂടിയായ വിനേഷും ഉഷയ്ക്കെതിരെ പ്രതികരിച്ചു. ഒരു ഗുസ്തി താരങ്ങള്‍ക്കും ഉഷയുടെ ഒരു സന്ദേശമോ വിളിയൊ ലഭിച്ചില്ലെന്ന് വിനേഷ് പറഞ്ഞു.
“ഒളിംപിക് മെഡല്‍ ജേതാക്കള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങുമ്പോള്‍, ഉഷ മാമും ഞങ്ങള്‍ക്കൊപ്പം ചേരേണ്ടതാണ്. ഞങ്ങള്‍ എന്തിനാണ് കണ്ണീര് പൊഴിക്കുന്നതെന്ന് അവര്‍ക്ക് ചോദിക്കാമായിരുന്നു,” വിനേഷ് ചൂണ്ടിക്കാണിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് നീതി ലഭിക്കും വരെ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും വിനേഷ് പറഞ്ഞു.
ഞങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ മാത്രമാണ് വിശ്വാസമുള്ളത്. നീതി നടപ്പാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. അത് സാധ്യമാക്കുന്ന ആരാണെങ്കിലും ഞങ്ങള്‍ക്ക് ദൈവത്തെ പോലെയായിരിക്കുമെന്നും വിനേഷ് പറയുന്നു.
“ഉഷയുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു, അവരുടെ നമ്പരില്‍ ഞങ്ങള്‍ വിളിച്ചു. പക്ഷെ പ്രതികരണം ഉണ്ടായില്ല. മറ്റ് അത്ലീറ്റുകളുടെ മാനസികാവസ്ഥയോട് അവര്‍ക്ക് ബഹുമാനമില്ല. അവര്‍ക്ക് ബഹുമാനം വേണമെങ്കില്‍ തിരിച്ചു അങ്ങനെയായിരിക്കണം. ഞങ്ങളും പ്രൊ അത്ലീറ്റുകളാണ് അവരും ആയിരുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,” വിനേഷ് വ്യക്തമാക്കി.
“ഇത്രയും നാളും ഞങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അവര്‍ക്കായിരുന്നില്ല. കഴിഞ്ഞ മൂന്ന് മാസമായി എവിടെയായിരുന്നു അവര്‍. ഒളിംപിക്സിന് തയാറെടുക്കുകയായിരുന്നോ, പ്രതിഷേധം ആരംഭിച്ചപ്പോള്‍ എല്ലാം വേഗത്തില്‍ നടക്കുകയാണ്,” വിനേഷ് ചൂണ്ടിക്കാണിച്ചു.
“ഒരു കായിക താരവും റോഡില്‍ ഇരുന്ന് പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഇവിടെ ഇരുന്ന് ചാമ്പ്യന്മാര്‍ ആവുകയുമില്ല. ബ്രിജ് ഭൂഷണെതിരെ സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. പക്ഷെ കായിക താരങ്ങള്‍ സംസാരിച്ചു. ഞങ്ങളുടെ ഭാവി ദുഷ്കരമാകുമെന്ന് ഞ്ങ്ങള്‍ക്കറിയാം. സര്‍ക്കാരും കായിക വകുപ്പുമെല്ലാം അയാള്‍ക്കൊപ്പമാണ്,” വിനേഷ് പറഞ്ഞു.