ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കർ. ഇന്ത്യയുടെ നല്ല സ്വഭാവം ഒരിക്കലും ഒരു ബലഹീനതയായി കാണരുതെന്നാണ് ഇന്ത്യയുടെ തിരിച്ചടിയെ പിന്തുണച്ച് സച്ചിൻ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയെ സല്യൂട്ട് ചെയ്യുന്നതായും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ പാക്കിസ്ഥാനെ കളിച്ച് തോൽപ്പിക്കണമെന്നായിരുന്നു സച്ചിന്റെ നിലപാട്. സച്ചിന്റെ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പലരും രംഗത്ത് വന്നിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയില്‍ കഴിഞ്ഞ ദിവസം സച്ചിന്‍ പങ്കെടുത്തിരുന്നു. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്.

ചതിയന്മാർക്ക് തക്കതായ മറുപടി നൽകിയ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിക്കുന്നതായി സുരേഷ് റെയ്നയും ട്വിറ്ററിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ തക്കതായ മറുപടിയാണ് ഇന്ത്യൻ വ്യോമസേന നൽകിയതെന്നായിരുന്നു അജിങ്ക്യ രഹാനെയുടെ വിഷയത്തിലുളള പ്രതികരണം.

പുൽവാമയിൽ ജവാന്മാർ കൊല്ലപ്പെട്ട് 12 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ തിരിച്ചടി നൽകിയത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 300 ഓളം ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരം കിലോഗ്രാം തൂക്കം വരുന്ന ബോംബാണ് ഭീകരരുടെ താവളങ്ങൾക്ക് മുകളിൽ ഇന്ത്യൻ വ്യോമസേന നിക്ഷേപിച്ചതെന്നും റിപ്പോർട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook