ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ താരമായത് ക്രുണാൽ പാണ്ഡ്യയാണ്. അരങ്ങേറ്റ മത്സരത്തിൽ 31 പന്തിൽ നിന്ന് 58 റൺസാണ് ക്രുണാൽ പുറത്താകാതെ നേടിയത്. അർധ സെഞ്ചുറി നേടിയതിനു പിന്നാലെ ക്രുണാൽ ആകാശത്തേക്ക് നോക്കി നന്ദി പറഞ്ഞു. തങ്ങളിൽ നിന്നു വേർപ്പെട്ടുപോയ പ്രിയപ്പെട്ട പിതാവിന് സമർപ്പിക്കുകയായിരുന്നു ക്രുണാൽ തന്റെ അർധ സെഞ്ചുറി. സഹോദരൻ ഹാർദിക് പാണ്ഡ്യയും വലിയ സന്തോഷത്തിലായിരുന്നു. ക്രുണാൽ അർധ സെഞ്ചുറി നേടിയപ്പോൾ വളരെ വൈകാരികമായി തന്നെയാണ് ഡ്രസിങ് റൂമിൽ ഹാർദിക് നിൽക്കുന്നുണ്ടായിരുന്നത്.
ഇന്ത്യയ്‌ക്കായി ഒരുമിച്ച് കളിക്കാൻ സാധിച്ചതിലും ഇരുവരും വലിയ സന്തോഷത്തിലാണ്. തങ്ങളുടെ ക്രിക്കറ്റ് കരിയറിൽ വലിയ സ്വാധീനം ചെലുത്തിയ പിതാവ് കാണാൻ ആഗ്രഹിച്ച നിമിഷമായിരുന്നു ഇതെന്നാണ് ഇരുവരും പറയുന്നത്. ഡ്രസിങ് റൂമിൽ തങ്ങൾക്കൊപ്പം പിതാവും ഉണ്ടായിരുന്നതായി മത്സരശേഷം ഹാർദിക് പാണ്ഡ്യ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനു ശേഷം പിതാവ് മരിച്ച ദിവസം തങ്ങൾ എങ്ങനെയായിരുന്നു എന്ന് പാണ്ഡ്യ സഹോദരങ്ങൾ വെളിപ്പെടുത്തി.
Read Also: IPL 2021: Full Schedule, Fixtures, Teams, Players List: ഐപിഎൽ 2021 സമയക്രമം, ടീമുകളും കളിക്കാരും
“ജനുവരി 16 ന് അതിരാവിലെയാണ് പിതാവ് ഞങ്ങളെ വിട്ടുപോയത്. ഞാൻ സയദ് മുഷ്‌താഖ് അലി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മരണവിവരം അറിയുമ്പോൾ ഞാൻ വഡോദരയിലായിരുന്നു. അന്നത്തെ മത്സരം കാണാൻ അദ്ദേഹം വരേണ്ടതായിരുന്നു. കളി കാണാൻ എത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹം തലേന്ന് നടത്തിയിരുന്നു. ബാഗ് ശരിയാക്കി വച്ചു, ധരിക്കാനുള്ള വസ്ത്രം എടുത്തുവച്ചു, തൊപ്പിയും ഷൂസും എടുത്തുവച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിനു കളി കാണാൻ വരാൻ കഴിഞ്ഞില്ല. ഞങ്ങളെ വിട്ടു യാത്രയായി. അന്ന് അദ്ദേഹം ഒരുക്കിവച്ച ബാഗും ഷൂസും തൊപ്പിയും ഞാൻ പൂനെയിലെ അരങ്ങേറ്റ മത്സരത്തിനായി ഇങ്ങോട്ട് കൊണ്ടുവന്നു. അതെല്ലാം ഇവിടെ ഡ്രസിങ് റൂമിലുണ്ടായിരുന്നു,”ക്രുണാൽ പറഞ്ഞു.
“ആദ്യമായാണ് അച്ഛൻ ഞങ്ങൾക്കൊപ്പം ഡ്രസിങ് റൂമിൽ ഉണ്ടാകുന്നത്. അദ്ദേഹം എന്നും ഞങ്ങൾക്കൊപ്പമുണ്ടായിരിക്കും,” ഹാർദിക് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ താൻ വേഗം ഔട്ടായത് നന്നായെന്നാണ് ഹാർദിക് പറയുന്നത്. താൻ വേഗം ഔട്ടായതുകൊണ്ടാണ് ക്രുണാലിന് വേഗം ഇറങ്ങാനും നല്ലൊരു ഇന്നിങ്സ് കളിക്കാനും സാധിച്ചതെന്നും ഹാർദിക് പറഞ്ഞു.