പാരിസ്: ഒര്‍ലീന്‍സ് മാസ്റ്റേഴ്സില്‍ സൈന നെഹ്വാളിന്റെ വിജയക്കുതിപ്പ് തുടരുന്നു. യുഎസ്എയുടെ ഐറിസ് വാങ്ങിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി സൈന സെമി പ്രവേശിച്ചു. എന്നാല്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നു. കിടമ്പി ശ്രീകാന്ത് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
രണ്ട് വര്‍ഷത്തിനു ശേഷമാണ് സൈന ഒരു ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. ടോക്കിയോ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന താരത്തിന് ഒര്‍ലീന്‍സ് മാസ്റ്റേഴ്സിലെ കുതിപ്പ് ആത്മവിശ്വാസം പകരും. 2019 ല്‍ ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സിലാണ് സൈന അവസാനമായി ഒരു കിരീടം നേടിയത്.
Read More: 2022 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, സ്പെയിനിന് സമനിലക്കുരുക്ക്
ഒരു മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ലോക 36-ാം റാങ്കുകാരിയായ വാങ്ങിനെ സൈന കീഴടക്കിയത്. ആദ്യ സെറ്റ് 21-19 താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് പിടിച്ചെടുത്ത് വാങ് മത്സരത്തിലേക്ക് തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റും 21-19ന് നേടിയാണ് സൈന സെമി ഉറപ്പിച്ചത്. ലോക നാലാം നമ്പറായ സൈന ലിന് ക്രിസ്റ്റോഫേഴ്സണ്‍-ഇര ശര്‍മ മത്സരത്തിലെ വിജയിയെയാകും ഫൈനലിനായുള്ള പോരാട്ടത്തില്‍ സൈന നേരിടുക.
അതേസമയം, ഫ്രാന്‍സിന്റെ ടോമ ജൂനിയറിനോട് നേരിട്ടുള്ള സെറ്റിനായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്കോര്‍ 19-21,17-21. വനിതകളുടെ ഡബിള്‍സ് വിഭാഗത്തില്‍ അശ്വനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യം ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ലോക മൂന്നാം നമ്പര്‍ സഖ്യത്തെയാണ് ഇരുവരും തോല്‍പ്പിച്ചത്. സ്കോര്‍ 21-14, 21-18.