ന്യൂഡല്‍ഹി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിനേയും ഐ ലീഗും ഒന്നിപ്പിച്ചുകൊണ്ട് ‘ഒരൊറ്റ രാജ്യം ഒരൊറ്റ ലീഗ്’ കൊണ്ടുവരും എന്ന മുദ്രാവാക്യത്തിലെത്താന്‍ ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഇനിയും വൈകുമെന്ന് സൂചന.

ഐ ലീഗും ഐഎസ്എലും രണ്ടു തലത്തില്‍ തന്നെ തുടരുമ്പോള്‍ ഐഎസ്എല്‍ പകരം വെക്കുക ഫെഡറേഷന്‍ കപ്പിനെ ആയിരിക്കും എന്നാണ് എഐഎഫ്എഫ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്ഫിഡറേഷനു (എഎഫ്സി) നല്‍കിയ കത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

2017- 2018 സീസണില്‍ ഐലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഒരേ സമയമാവും നടക്കുക. എഐഎഫ്എഫിന്‍റെ കീഴിലുള്ള ഐ ലീഗ് പതിവുപോലെ ആറോ ഏഴോ മാസം നീളും എന്നും പറയുന്ന കത്തില്‍. അതേസമയം ഭാവിയില്‍ രണ്ടു ലീഗുകളും ഒന്നിക്കാനുള്ള സാധ്യതകളെയും എഐഎഫ്എഫ് താഴയുന്നില്ല. അതിനാല്‍ തന്നെ ഫെഡറേഷന്‍ കപ്പിനു കൊടുത്തിരുന്ന സ്ഥാനം ഐഎസ്എല്ലിനു കൊടുക്കാനാണ് എഐഎഫ്എഫിന്‍റെ തീരുമാനം.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

കഴിഞ്ഞവര്‍ഷം വരെ ഫെഡറേഷന്‍ കപ്പ്‌ വിജയികളാവുന്നവര്‍ക്ക് നേരിട്ട് എഎഫ്സി കപ്പിന്റെ പ്രാഥമിക റൗണ്ടിലേക്കുള്ള യോഗ്യത നല്‍കിയിരുന്നു. ഈ വര്‍ഷം മുതല്‍ ഐ ലീഗ് വിജയികള്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗിന്‍റെ പ്ലേ ഓഫ് റൗണ്ടിലും. ഐഎസ്എല്‍ വിജയികള്‍ എഎഫ്സി കപ്പിന്‍റെ പ്രാഥമിക സ്റ്റേജിലേക്കും പ്രവേശിപ്പിക്കും എന്നുമാണ് എഐഎഫ്എഫിന്‍റെ ശുപാര്‍ശ എന്ന് എഎഫ്സി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്.

ഇതുസംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുവാനായി എഎഫ്സി ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ ഓഹരിയുടമകളുമായി ജൂണ്‍ 7നു കൊലാലംപൂരില്‍ വച്ചു ചര്‍ച്ച നടത്തും.

ഐ ലീഗിലെ വമ്പന്മാരായ ബെംഗളൂരു എഫ്സിയെ ഐ ലീഗില്‍ നിന്നും അടര്‍ത്തിയെടുക്കാനും. ഇന്ത്യന്‍ ഫുട്ബോളിന്‍റെ നഴ്സറിയെന്നറിയപ്പെടുന്ന ജംഷഡ്പൂര്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയെ ക്ലബ്ബു രൂപീകരിച്ചുകൊണ്ട്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് വരവേല്‍ക്കാനും കഴിഞ്ഞത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു ഐ ലീഗിന്മേല്‍ മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ മുന്‍നിര ലീഗാക്കുവാനുള്ള പരിശ്രമം നടക്കുമ്പോഴും. ഏറ്റവും പഴക്കമേറിയ പ്രൊഫഷണല്‍ ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, സാല്‍ഗോകര്‍, ചര്‍ച്ചില്‍ ബ്രദര്‍സ് ഐ ലീഗില്‍ തന്നെ തുടരുന്നു എന്നത് എഐഎഫ്എഫിനെ പ്രതിരോധത്തിലാഴ്ത്തുന്നുണ്ട്. അതിനാലാണ് ഐലീഗിനെ തഴയാതെ സ്വന്തം കൈയ്യിലുള്ള ഫെഡറേഷന്‍ കപ്പിനെ ബലികൊടുത്തുകൊണ്ട് ഐഎസ്എല്ലിനെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ അംഗീകാരത്തിലേക്ക് ഉയര്‍ത്തുവാന്‍ ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തുനിഞ്ഞത് എന്ന് ഫുട്ബോള്‍ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു.

Read More : ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനേക്കാൾ വലുതല്ല ഐഎസ്എൽ; രൂക്ഷ വിമർശനങ്ങളുമായി കോച്ച്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ