scorecardresearch

‘ഒരൊറ്റ രാജ്യം, ഒരൊറ്റ ലീഗ്’ ഐഎസ്എല്ലും ഐലീഗും ലയിക്കുമോ ?

ആര്‍ക്കും കേടുവരാതെ രണ്ടു ലീഗുകളും ലയിപ്പിക്കുക എന്നത് എഐഎഫ്എഫിനു മുന്നിലൊരു കീറാമുട്ടിയാണ്. എഎഫ്സിയുടെ നിബന്ധനകള്‍ക്ക് വഴങ്ങിക്കൊണ്ട് ഒരു തീരുമാനത്തിലെത്തി ചേരുകയേ തരമുള്ളൂ എന്നിരിക്കെ ആരെ തല്ലും ആരെ തഴുകും എന്നത് കണ്ടു തന്നെയറിയാം.

‘ഒരൊറ്റ രാജ്യം, ഒരൊറ്റ ലീഗ്’ ഐഎസ്എല്ലും ഐലീഗും ലയിക്കുമോ ?

ഏറെക്കാലമായി ഐ ലീഗിനേയും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനേയും ലയിപ്പിച്ചുകൊണ്ട് രാജ്യത്ത് ഒരൊറ്റ ലീഗ് കൊണ്ടുവരികയെന്ന ആശയത്തെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട്. ആ സ്വപ്നത്തിലേക്ക് ഇനി അധികം ദൂരമില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഐതിഹാസികരായ പാരമ്പര്യ ക്ലബ്ബുകളെയും ആധുനിക ക്ലബ്ബുകളെയും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒരൊറ്റ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് വരേണ്ടതുണ്ട് എന്നാണു ബുധനാഴ്ച കൊല്‍ക്കത്തയിലുണ്ടായിരുന്ന ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍സെക്രട്ടറി ഡാറ്റോ വിണ്ട്സര്‍ ജോണ്‍ അഭിപ്രായപ്പെട്ടത്.

” ഒരു രാജ്യത്തിനു ഒരു ലീഗ് എന്നതാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ ലിഖിതനിയമം. ഒരു പരിവര്‍ത്തനം ഉദ്ദേശിച്ചാണ് ഞങ്ങളതില്‍ അയവ് വരുത്തിയത്. ഇനി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ചേര്‍ന്ന് അതിനെപ്പറ്റി കൂടിയാലോചിക്കേണ്ടതുണ്ട്.” അണ്ടര്‍ 17 ലോകകപ്പ് കാണാന്‍ ഇന്ത്യയിലെത്തിയ എഐഎഫ്എഫ് സെക്രട്ടറി പറഞ്ഞു.

രണ്ടു ലീഗുകളും ലയിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും തന്നെ ആയിട്ടില്ലായെങ്കിലും വൈകാതെ തന്നെ ഒരു ധാരണയില്‍ എത്തിച്ചേരാന്‍ സാധിക്കും എന്നാണ് എഐഎഫ്എഫും പ്രതീക്ഷിക്കുന്നത്. ” ഒരൊറ്റ ലീഗ് വരും. അതില്‍ തീരുമാനമൊന്നും ആയിട്ടില്ല. എങ്കിലും അടുത്ത സീസണോടെ തീരുമാനമാകും എന്നാണ് പ്രതീക്ഷ.” എഐഎഫ്എഫ് ജനറല്‍സെക്രട്ടറി കുശാല്‍ദാസ് പറഞ്ഞു.

ഇതിഹാസങ്ങളെ ഒറ്റുമ്പോള്‍
2013ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത് വരെ ഇന്ത്യയിലെ പ്രൊഫഷണല്‍ ഫുട്ബോളില്‍ അപ്രമാദിത്വം പുലര്‍ത്തിയവരാണ് ഐ ലീഗ് ക്ലബ്ബുകള്‍. 128 വര്‍ഷത്തെ ചരിത്രമുള്ള മോഹന്‍ ബഗാന്‍, 126 വയസ്സുള്ള മുഹമ്മദന്‍സ്, 97 വയസ്സുള്ള ഈസ്റ്റ് ബംഗാള്‍, 60 വര്‍ഷം പിന്നിട്ട സാല്‍ഗോക്കര്‍, 55 വര്‍ഷമായ ഡെമ്പോ, 34 വര്‍ഷമായുള്ള ലജോങ്, 30 വര്‍ഷം തികയ്ക്കുന്ന ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങി ഐ ലീഗ് കളിക്കുന്നതും ഐ ലീഗ് ലക്ഷ്യം വച്ച് പരിശീലിക്കുന്നതുമായ ക്ലബ്ബുകള്‍ക്ക് കുറെയധികം കഥ പറയാനുണ്ട്. ഇത്രയും നീണ്ട കാലഘട്ടത്തിനുള്ളില്‍ ഇന്ത്യന്‍ കാല്‍പ്പന്തുകളിക്ക് ഈ ക്ലബ്ബുകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയമാണ്.

പികെ ബാനര്‍ജിയിലും സൈലേന്‍ മന്നയിലും ശ്യാം താപ്പയിലും തുടങ്ങി റെന്നഡി സിങ്ങും ഐ.എം.വിജയനും ബൈച്ചുങ് ബൂട്ടിയയും അടങ്ങുന്ന വലിയൊരു നിര ഇതിഹാസങ്ങളെ വാര്‍ത്തെടുത്തവര്‍. ലാഭേച്ഛ കൂടാതെ കാല്‍പന്തുകളിക്കായി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭകള്‍, പരിശീലകര്‍. വരവ് നോക്കാതെയുള്ള മുതൽ മുടക്കലുകള്‍ വിതച്ച തകര്‍ച്ചകള്‍. പതര്‍ച്ചയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍. കാല്‍പന്തുകളിയോടുള്ള പ്രേമം മാത്രമാണ്, സ്വപ്നങ്ങള്‍ മാത്രമാണ് ഓരോ തവണയും ഈ ക്ലബ്ബുകളെ ബൂട്ടണിയിച്ചു മൈതാനത്തിലിറക്കിയത്. സാമ്പത്തികമായി അത്ര മിച്ചമില്ലാഞ്ഞിട്ടുകൂടി പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും, പരിപോഷിപ്പിക്കുന്നതിലും മികവുറ്റ താരങ്ങളായി വളര്‍ത്തുന്നതിലും അവര്‍ കാണിച്ച താത്പര്യവും പ്രോത്സാഹനങ്ങളും ചെറുതല്ല എന്നല്ല ലോകോത്തരം തന്നെയാണ്.

ഇന്ന് ശൈശവദശയിലുള്ള ഐഎസ്എല്‍ അതിന്‍റെ മൂന്നാം സീസണില്‍ എത്തിനില്‍ക്കുമ്പോഴും ലീഗ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ തൊണ്ണൂറു ശതമാനവും ഈ ഐ ലീഗ് ക്ലബ്ബുകള്‍ വാര്‍ത്തെടുത്തവരാണ് എന്നതു മറ്റൊരു വസ്തുത. ഇന്ത്യന്‍ ഫുട്ബോളിനു ഇത്രയേറെ സംഭാവനകള്‍ കൊടുത്തവരെ രണ്ടാംതരമാക്കികൊണ്ട് ഐഎസ്എല്ലിനെ പ്രഥമ ലീഗ് ആക്കുകയെന്നത് അവഗണനയും നീതികേടുമാണ്. എഐഎഫ്എഫിനു നല്ല ബോധ്യമുള്ള കാര്യം തന്നെയാണ് അത്. ഐഎസ്എല്ലിനെയോ ഐ ലീഗിനെയോ പ്രഥമ ലീഗായി ഉയര്‍ത്തുമോ അതോ പ്രധാനപ്പെട്ട ഐലീഗ് ക്ലബ്ബുകളെയെങ്കിലും ചേര്‍ത്തുകൊണ്ട് പുതിയൊരു ലീഗിനു രൂപം നല്‍കാനാകുമോ എഐഎഫ്എഫ് മുതിരുക ?

ഐഎസ്എല്‍ ബലിയാടാകുമോ ?
2013ല്‍ ഐഎംജി റിലയന്‍സും സ്റ്റാര്‍ സ്പോർട്സും ചേര്‍ന്ന് ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിനു ഓരോ വര്‍ഷവും കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുവാനും വളരെ പെട്ടെന്നു തന്നെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ഫുട്ബോള്‍ മാമാങ്കമാവാനും സാധിച്ചു. ഐ ലീഗിന്റേതു പോലെ ലോകോത്താര ലീഗുകള്‍ പിന്തുടരുന്ന പ്രൊമോഷനും റെലഗേഷനുമുള്ള നീണ്ട ലീഗ് സംവിധാനമല്ല. അമേരിക്കന്‍ മേജര്‍ ലീഗിനു സമാനമായ മത്സരസ്വഭാവമാണ് തുടക്കം മുതല്‍ ഐഎസ്എല്‍ പിന്തുടര്‍ന്നിട്ടുള്ളത്. വ്യാപനം കണക്കിലെടുത്തുകൊണ്ടുള്ള ഈ സംവിധാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോലെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിനു സമാനമാണെന്നും ഇത് ഫുട്ബോള്‍ സമ്പ്രദായമല്ലായെന്നുമുള്ള വിമര്‍ശനം തുടക്കം മുതല്‍ നിലന്നിന്നിരുന്നു. ഈ ഫോര്‍മാറ്റില്‍ ഫിഫയും എഎഫ്സിയും അംഗീകരിച്ചിട്ടുള്ള ഒരേയൊരു ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്.

മികച്ച ടെലിവിഷന്‍ സംപ്രേക്ഷണവും പ്രാദേശികമായി രൂപീകരിച്ച ക്ലബ്ബുകളും, ബോളിവുഡും സെലിബ്രിറ്റികളും അണിനിരക്കുന്ന പ്രോത്സാഹകരും മികച്ച നിക്ഷേപവും ഐഎസ്എല്ലിനെ വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ പുതിയ മുഖമാക്കി. ഈ സീസണോടുകൂടി ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണലായ ക്ലബ്ബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരു എഫ്സിയേയും ഇന്ത്യന്‍ ഫുട്ബോള്‍ നഴ്സറി എന്നറിയപ്പെടുന്ന ജംഷഡ്പൂര്‍ ടാറ്റ ഫുട്ബോള്‍ അക്കാദമിയില്‍ നിന്നുമുള്ള ഒരു ക്ലബ്ബിനേയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനും ഐഎസ്എല്ലിനു സാധിച്ചു. വരും സീസണ്‍ മുതല്‍ കളിയുടെ ഫോര്‍മാറ്റ് കൂടി മാറും എന്നാണ് മത്സരങ്ങളുടെ ദൈര്‍ഘ്യം വർധിപ്പിച്ചുകൊണ്ടും ഇടവേളകള്‍ കൂട്ടിക്കൊണ്ടും ഐഎംജി റിലയന്‍സും ഇന്ത്യന്‍ സൂപ്പര്‍ ലീഗും നല്‍കുന്ന സൂചന.

ഗ്രാസ്റൂട്ട് ഫുട്ബോള്‍ വികസനം ലക്ഷ്യംവച്ചുകൊണ്ടുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുവാനും മികച്ച രീതിയില്‍ തന്നെ അത് മുന്നോട്ടു കൊണ്ടുപോകുവാനും റിലയന്‍സിനു സാധിച്ചുവെങ്കിലും ഫുട്ബോളിനു മാത്രമായി അര്‍പ്പിച്ചിട്ടുള്ള മൈതാനങ്ങളുടെ കുറവും ഫുട്ബോള്‍ സ്കൂളുകളുടെ കുറവും ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് തിരിച്ചടിയാണ്. നിലവില്‍ ഐഎസ്എല്‍ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടുകള്‍ എടുത്താല്‍ ജംഷഡ്പൂര്‍ എഫ്സിക്ക് മാത്രമാണ് സ്വന്തമായൊരു മൈതാനമുള്ളത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും, ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയവും കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും ഫര്‍ട്ടോഡയും കാലങ്ങളായി ഫുട്ബോളിനു മുന്‍‌തൂക്കം നല്‍കുന്ന മൈതാനങ്ങളാണ് എങ്കിലും കരാറടിസ്ഥാനത്തിലാണ് ക്ലബ്ബുകള്‍ ഇതുപയോഗിക്കുന്നത്. കണ്ടീരവയും ബലേവാഡിയും വികസിപ്പിക്കുന്നതില്‍ പ്രസ്തുതയിടങ്ങളിലെ ക്ലബ്ബുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എങ്കിലും അവര്‍ക്കും ഈ മൈതാനങ്ങളിള്‍ ഉടമസ്ഥാവകാശമില്ല.

നേരെ മറിച്ച് ഐഎസ്എല്‍ ഇതര പ്രൊഫഷണല്‍ ക്ലബ്ബുകളായ മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, ഈസ്റ്റ് ബംഗാള്‍, ഡെമ്പോ, സാല്‍ഗോക്കര്‍ എന്നിവര്‍ക്കൊക്കെ സ്വന്തമായി മൈതാനവും കാലങ്ങളായി ഫുട്ബോള്‍ വികസനത്തിനുള്ള പരിപാടികളും ഉള്ളവരാണ്. സാമ്പത്തികമായും ടെലിവിഷന്‍ സംപ്രേക്ഷണത്തിലും മാത്രം ഐഎസ്എല്ലിനോട് പിന്നില്‍ നില്‍ക്കുന്നവര്‍. പ്രാദേശികരായ ആരാധകരുടെ കണക്കിലും ഐഎസ്എല്ലിനേക്കാള്‍ ഏറെ മുമ്പിലാണ് മുന്‍നിര ഐ ലീഗ് ക്ലബ്ബുകള്‍ എന്നുമാത്രമല്ല കാലങ്ങളായി എഎഫ്സിയുടെ നിയമാവലികള്‍ പാലിച്ചു പോരുന്നവരുമാണ്. ഫിഫയുടെ മാനദണ്ഡങ്ങളനുസരിച്ച് പരിഗണിച്ചാല്‍ ഐ ലീഗ് തന്നെയാണ് ഇപ്പോഴും ഇന്ത്യയിലെ പ്രഥമലീഗ്. ഐഎസ്എല്ലിനെ പ്രഥമ ലീഗായി നിലനിര്‍ത്തിക്കൊണ്ട് ഐ ലീഗ് ക്ലബ്ബുകളെ അതിലേക്ക് ക്ഷണിക്കുവാനുള്ള ശ്രമങ്ങള്‍ സജീവമാണ് എങ്കിലും അത് കുറെ ചോദ്യങ്ങള്‍ക്കും വഴിവയ്ക്കും. നിരന്തരമായ ചര്‍ച്ചകളിലൂടെ മാത്രമേ ‘ഒരു പ്രഥമലീഗ്’ എന്ന ആശയത്തെ രൂപപ്പെടുത്താന്‍ എഐഎഫ്എഫിനു സാധിക്കുകയുള്ളൂ.

പ്രായോഗികതകള്‍, കേടുപാടുകള്‍
പ്രാദേശികമായ ക്ലബ്ബുകളുണ്ടാക്കികൊണ്ട് ആരംഭിച്ച ഐഎസ്എല്ലും പാരമ്പര്യ ഫുട്ബോള്‍ ശക്തികേന്ദ്രമായ ഐലീഗും തമ്മില്‍ ലയിക്കുകയെന്നത് എളുപ്പമല്ല. ഇനി ജനപങ്കാളിത്തം കണക്കിലെടുത്ത് ഐഎസ്എല്ലിനെ പ്രഥമ ലീഗാക്കികൊണ്ട് മികച്ച ഐ ലീഗ് ക്ലബ്ബുകളെയും ലീഗിലേക്ക് കൊണ്ടുവരിക എന്ന സാധ്യത എടുത്താല്‍. ഐ ലീഗിലെ ശക്തരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ലീഗിലെത്തിയാല്‍ കോട്ടം തട്ടുക രണ്ടുതവണ ഐഎസ്എല്‍ വിജയികളായ എറ്റികെയ്ക്കാണ്. എറ്റികെയേക്കാള്‍ പതിന്മടങ്ങുവരുന്ന ആരാധകരാണ് കൊല്‍ക്കത്തയില്‍ നിന്നുമുള്ള ഈ രണ്ടു പാരമ്പര്യ ശക്തികള്‍ക്കുള്ളത്.

ബംഗാളില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതേ സമ്മര്‍ദം വരും. നിലവിലെ ഐ ലീഗ് ജേതാക്കളായ ഐസ്വാള്‍ വരുന്നതോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുള്ള പിന്തുണ കുറയും. ഇനി ഐ ലീഗിലേക്ക് പുതുതായി പ്രവേശിച്ച മലബാര്‍ എഫ്സി (പഴയ ഗോകുലം എഫ്സി) നാളെ ഐഎസ്എല്ലിലേക്ക് ചേക്കേറുകയാണ് എങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ വലിയൊരു വിഭാഗം ആരാധകര്‍ നഷ്ടമായേക്കും. ഇതൊക്കെ ഐഎസ്എല്ലിലേക്കുള്ള ധനനിക്ഷേപത്തേയും വരുമാനത്തേയും ബാധിക്കും. അതിനാല്‍ തന്നെ ഐഎസ്എല്‍ ക്ലബ്ബുകളുടെ ഉടമസ്ഥര്‍ ഈ തീരുമാനത്തിനൊപ്പം നില്‍ക്കുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

ഇനി ഐ ലീഗ് ക്ലബ്ബുകള്‍ക്ക് ഐഎസ്എല്ലില്‍ പ്രവേശിക്കാനുള്ള തീരുമാനമായി അങ്ങനെയൊരു വഴി തുറന്നാല്‍ തന്നെ അവര്‍ കെട്ടിവയ്ക്കേണ്ടത് ഭീമമായൊരു സംഖ്യയാവും. അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തവരാണ് ഐ ലീഗ് ക്ലബ്ബുകള്‍ ഒട്ടുമിക്കതും. പാര്‍ട്ടിസിപ്പേഷന്‍ ഫീ, ഫ്രാഞ്ചസി ഫീ എന്നീ രണ്ടു ഫീസുകളാണ് ഇതിനായി ഈ ക്ലബ്ബുകള്‍ കണ്ടെത്തേണ്ടത്. “പതിനഞ്ചു കോടിരൂപയാണ് ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ കെട്ടിവയ്ക്കേണ്ടത്”. “പാര്‍ട്ടിസിപ്പേഷന്‍ ഫീയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല” എന്ന് എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാല്‍ദാസ് ഓര്‍മിപ്പിച്ചും കഴിഞ്ഞു.

ആര്‍ക്കും കേടുവരാതെ രണ്ടു ലീഗുകളും ലയിപ്പിക്കുക എന്നത് എഐഎഫ്എഫിനെ സംബന്ധിച്ചിടത്തോളം കീറാമുട്ടി തന്നെയാണ്. എന്നാല്‍ എഎഫ്സിയുടെ നിബന്ധനകള്‍ക്ക് വഴങ്ങിക്കൊണ്ട് ഒരു തീരുമാനത്തിലെത്തി ചേരുക എന്നെ എഐഎഫ്എഫിനു വഴിയുള്ളൂ. എഐഎഫ്എഫ് ആരെ തല്ലും ആരെ തഴുകും എന്നത് കണ്ടു തന്നെയറിയാം. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഐഎസ്എല്ലിന്മേല്‍ സമ്മര്‍ദം ചെലുത്തുക ഏറെ പ്രയാസമാണ്. അതേസമയം ഫുട്ബോളിലെ ഇന്ത്യന്‍ പാരമ്പര്യ ശക്തികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഒക്കെ ഫുട്ബോളിനു നല്‍കിയ സംഭാവനകള്‍ നിസ്സാരവത്കരിച്ചും കൂടാ.

അത് തന്നെയാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറൽ സെക്രട്ടറി ഡാറ്റോ വിണ്ട്സര്‍ ജോണും ഓര്‍മിപ്പിച്ചത് ” അവരുടെ (മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും) പാരമ്പര്യത്തെ മറക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഇന്ത്യന്‍ ഫുട്ബോളിലെ അവരുടെ സംഭാവനകളെ കുറിച്ച് ഞങ്ങള്‍ ബോധവാന്മാരാണ്. ഇന്നിവിടെ ഫുട്ബാള്‍ നിലനില്‍ക്കുന്നുണ്ട് എങ്കില്‍ അത് ഈ ക്ലബ്ബുകള്‍ കാരണം മാത്രമാണ്.” ഡാറ്റോ വിണ്ട്സര്‍ ജോണ്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: One nation one league isl i league merger