ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലേക്ക് പാഡു കെട്ടി ഇറങ്ങിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രീസ് വിട്ടത് 15,921 എന്ന കൂറ്റന്‍ സ്കോറുമായാണ്. ടെസ്റ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഈ റെക്കോര്‍ഡ് കസേരയില്‍ സച്ചിന്‍ രാജകീയമായി ഇരിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി. ഈ റെക്കോര്‍ഡിനെ വെല്ലാന്‍ ആരും പിറന്നിട്ടില്ലെന്ന ചിന്തയ്ക്ക് മുമ്പിലേക്കാണ് ഒരാള്‍ ബാറ്റുനീട്ടി അടിക്കുന്നത്. മറാറാരും അല്ല, ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റ്സ്മാന്‍ അലസ്റ്റര്‍ കുക്ക്.

നിലവില്‍ 11,478 റണ്‍സെടുത്ത് നില്‍ക്കുന്ന താരത്തിന് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വെറും 4444 റണ്‍സ് മാത്രം മതിയാകും. നിലവിലെ ടെസറ്റ് താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ റണ്‍സ് നേടുന്ന താരമെന്ന പദവി കുക്കിന് സ്വന്തമായത് കൊണ്ട് തന്നെ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിന് കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ വെറും 32 വയസ് മാത്രമാണ് നല്ല ഫോമില്‍ തുടരുന്ന താരത്തിനുളളത്. എല്ലാത്തിനും പുറമെ വര്‍ഷത്തില്‍ 15 ടെസ്റ്റുകള്‍ കലിക്കുന്ന ടീമാണ് ഇംഗ്ലണ്ട്. ഇതും കുക്കിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് ഇംഗ്ലീഷ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുളളില്‍ തന്നെ ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കുക്കിന് കഴിഞ്ഞേക്കും. എന്നാല്‍ ഫിറ്റ്നസ് പ്രശ്നങ്ങളോ പരുക്കുകളോ ഫോം നഷ്ടമോ സംഭവിച്ചാലും കളി നേരെ തിരിഞ്ഞേക്കാം. എന്തായാലും കാലം തന്നെ മറുപടി പറയട്ടെ, ടെസ്റ്റിലെ മാന്ത്രിക റെക്കോര്‍ഡ് ക്രിക്കറ്റ് ദൈവത്തിനോ അലസ്റ്റര്‍ കുക്കിനോ എന്ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ