ക്രിക്കറ്റില്‍ പണം ഒഴുകുന്ന ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫല തുക മുതല്‍ പരസ്യം വരെയായി കോടികളാണ് ഐപിഎല്ലില്‍ ഒഴുകുന്നത്. ഇപ്പോഴിതാ കളി കാണാനെത്തുന്ന കാണികള്‍ക്കും പണം ലഭ്യമാകുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് ഐപിഎല്‍.

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മുംബൈ ടീം നായകന്‍ രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുന്നു. 49 പന്തില്‍ നിന്നും 84 റണ്‍സായിരുന്നു അപ്പോള്‍ രോഹിതിന്റെ സമ്പാദ്യം. കോറി ആന്റേഴ്‌സണ്‍ എറിഞ്ഞ പന്ത് രോഹിത് കവറിലൂടെ പടുകൂറ്റന്‍ സിക്‌സറാക്കി മാറ്റുകയായിരുന്നു.

ബംഗ്ലൂര്‍ ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ പറന്നു പോയ പന്ത് ഗ്യാലറിയില്‍ നിന്നിരുന്ന കാണികളിലൊരാള്‍ തന്റെ കൈപ്പിടിയിലൊതുക്കി. അതും ഒറ്റക്കയ്യില്‍. ഈ ക്യാച്ച് ആരാധകന് നേടി കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ടാറ്റ നെക്‌സിന്റെ ഫാന്‍ ക്യാച്ച് അവാര്‍ഡാണ് ആരാധകന് ലഭിച്ചത്. ഗ്യാലറിയില്‍ നിന്നും ഒറ്റക്കയ്യില്‍ ക്യാച്ചെടുക്കുന്ന ആരാധകര്‍ക്കുള്ളതാണ് ഈ പുതിയ അവാര്‍ഡ്. നേരത്തെ ബിഗ് ബാഷ് ലീഗില്‍ പരീക്ഷിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരം.

അതേസമയം, കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 46 റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ചത്. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കും മുന്‍പ് സൂര്യകുമാര്‍ യാദവും, ഇഷാന്‍ കിഷനെയും ഉമേഷ് യാദവ് കൂടാരം കയറ്റിയിരുന്നു. എന്നാല്‍ പിന്നാലെ ക്രീസില്‍ എത്തിയ രോഹിത് ശര്‍മ്മ ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. 65 റണ്‍സ് എടുത്ത ഇവാന്‍ ലൂയിസിനെ കൂട്ടുപിടിച്ചായിരുന്നു രോഹിത്തിന്റെ രക്ഷാപ്രവര്‍ത്തനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ